വയോധികനെ വാഹനം ഇടിപ്പിച്ചു പരിക്കേൽപ്പിച്ചു
എഴുകോൺ വയോധികനെ സഹോദരൻ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിച്ചു. സിപിഐ എം പണയിൽ ബ്രാഞ്ച് അംഗം കോട്ടാത്തല പത്തടി സനാതനത്തിൽ എൻ തുളസീധരനാ (67)ണ് പരിക്കേറ്റത്. സഹോദരനും അയൽക്കാരനുമായ പത്തടി ശോഭന മന്ദിരത്തിൽ ശശിധരനും മകൻ ശരത് പ്രകാശും ചേർന്നാണ് വാഹനം ഇടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. തുളസീധരനും ശശിധരനും തമ്മിലുള്ള വഴിതർക്കം സംബന്ധിച്ച് ഹൈക്കോടതിയിൽ കേസുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തുളസീധരന്‍ അനുകൂലമായി കോടതി വിധിവന്നു. ഇതിൽ പ്രകോപിതനായാണ് ശശിധരൻ വാഹനം ഇടിപ്പിച്ചത്. വീടിനു സമീപമുള്ള പുരയിടത്തിൽ ജോലിചെയ്യുകയായിരുന്ന തുളസീധരനെ വഴിയിലൂടെ നടന്നത് ചോദ്യംചെയ്ത് ശശിധരനും മകനും ചേർന്ന് മർദിച്ചു. തുളസീധരൻ കാട് വെട്ടിക്കളയുന്നതിന് ഉപയോഗിച്ച കത്താൾ ശശിധരൻ പിടിച്ചുവാങ്ങി വെട്ടാൻ ശ്രമിച്ചു. തുടർന്ന് കൊല്ലുമെന്ന് ആക്രോശിച്ച് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഒമ്നി വാൻ ഓടിച്ച് ഇടിച്ചിട്ടു. ആദ്യം ഇടിച്ചപ്പോൾ തുളസീധരൻ ബമ്പറിൽ പിടിച്ചുനിന്നു. വീണ്ടും വാഹനം പിറകിലേക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടതു കാലിനും കൈയ്ക്കും നടുവിനും പരിക്കേറ്റ തുളസീധരൻ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സതേടി. കൊട്ടാരക്കര പൊലീസ് കേസെടുത്തു. Read on deshabhimani.com