മാളിയേക്കൽ മേൽപ്പാലം 
ഉദ്ഘാടനം 13ന്

മാളിയേക്കൽ മേൽപ്പാലം


  കരുനാഗപ്പള്ളി  കരുനാഗപ്പള്ളി–- ശാസ്താംകോട്ട റോഡിൽ മാളിയേക്കലിൽ നിർമിച്ച റെയിൽവേ മേൽപ്പാലം ചൊവ്വാഴ്‌ച ഉദ്ഘാടനംചെയ്യും. കേരളത്തിൽ ആദ്യമായി പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ്  രീതിയിൽ നിർമിച്ച പാലമാണിത്‌. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ ജനങ്ങളുടെ ദീർഘകാലമായുള്ള യാത്രാപ്രശ്‌നത്തിനാണ്‌ ഇതോടെ പരിഹാരമാകുന്നത്‌. മണിക്കൂറുകളോളം ലെവൽ ക്രോസിൽ കുടുങ്ങിക്കിടന്നാണ്‌ ഇതുവഴി ആളുകൾ സഞ്ചരിച്ചിരുന്നത്‌. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി, ഭാരപരിശോധന നടപടികളും നടത്തി. ഇതു സംബന്ധിച്ച അന്തിമ റിപ്പോർട്ടും അധികൃതർക്ക് ലഭിച്ചു. റെയിൽവേക്രോസിന് മുകളിലായി റെയിൽവേ നടത്തിയ നിർമാണപ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്‌. മുൻ എംഎൽഎ ആർ രാമചന്ദ്രന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് മേൽപ്പാലത്തിന് 33.04 കോടിരൂപ അനുവദിച്ചത്. എ എം ആരിഫ് എംപിയായിരിക്കെ ഇടപെട്ട് റെയിൽവേ അധികൃതരിൽനിന്നും അനുമതി വേഗത്തിൽ ലഭ്യമാക്കി. 2021 ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ചു. 547 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് പാലത്തിന്. പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ നിർമ്മിക്കുന്ന 10 മേൽപ്പാലങ്ങൾ സംസ്ഥാനത്ത്‌ അനുവദിച്ചിരുന്നു. ഇതിൽ ഏറ്റവും ആദ്യം പൂർത്തിയാകുന്നു എന്നതിന്റെ ഖ്യാതി മാളിയേക്കൽ മേൽപ്പാലത്തിനാണ്‌. പൈൽ, പൈൽ ക്യാപ്പ്, ഡക്ക് സ്ലാബ് എന്നിവ കോൺക്രീറ്റ് രീതിയിലും പിയർ, പിയർ ക്യാപ്പ്, ഗർഡറുകൾ എന്നിവ സ്റ്റീലിലുമാണ്‌. 33 സ്പാനുകളും 51 പൈലുകളും, 13 പൈൽ ക്യാപ്പുകളും 2 അബട്ട്മെന്റും പാലത്തിനുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് 11.8 കോടി രൂപയും നിർമാണത്തിന് 26.5 8 കോടി രൂപയുമാണ് ചെലവഴിച്ചത്.  Read on deshabhimani.com

Related News