വയനാടിനെ ചേർത്തുപിടിച്ച്‌ 
കൊല്ലം



    കൊല്ലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവനചെയ്യാൻ സിപിഐ എം നേതൃത്വത്തിലുള്ള പ്രത്യേക ക്യാമ്പയിന്‌ ജില്ലയിൽ തുടക്കം. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ, ജില്ലാ, ഏരിയ, -ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ബ്രാഞ്ച്‌, -ലോക്കൽ കേന്ദ്രങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പണം അയക്കണമെന്ന്‌ അഭ്യർഥിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ശനി രാവിലെ മുതൽ പോളയത്തോട്‌ എൽസി മേഖലയിൽ നേതൃത്വംനൽകി. വലിയ തുകകളാണ്‌ പലരും വാഗ്‌ദാനംചെയ്‌തത്‌. മുഖ്യമന്ത്രിയെ നേരിൽകണ്ട്‌ അഞ്ചും പത്തും ലക്ഷംരൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചവരും നിരവധി. ഷാജീസ്‌ വീനസ്‌ പാരലൽ കോളേജ്‌ വിദ്യാർഥികളെല്ലാം ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനചെയ്യാനുള്ള ആഗ്രഹം അറിയിച്ചതായി പ്രിൻസിപ്പൽ ഷാജി സിപിഐ എം ജില്ലാ സെക്രട്ടറിയെ അറിയിച്ചു. വ്യാപാരികൾ പലരും വൻ തുകയാണ്‌ വാഗ്‌ദാനംചെയ്‌തിട്ടുള്ളത്‌. തങ്ങളുടെ എല്ലാ പ്രയാസങ്ങളും മറന്ന്‌ ഉരുൾപൊട്ടലിൽ ജീവിതം തകർന്നവരെ സഹായിക്കാൻ സാാധരണക്കാർവരെ മുന്നോട്ടുവരുന്ന കാഴ്‌ചയാണ്‌ ജില്ലയിൽ എങ്ങുമെന്നും എസ്‌ സുദേവൻ പറഞ്ഞു. പല വീടുകളിലും അമ്മമാർ തങ്ങളുടെ ചെറിയ സമ്പാദ്യത്തിന്റെ ഒരുപങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുകയാണെന്ന്‌ വിവിധ സ്ഥലങ്ങളിൽ ക്യാമ്പയിന്‌ നേതൃത്വംനൽകുന്ന നേതാക്കളും പ്രവർത്തകരും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടി. ചെറുതും വലുതുമായ കച്ചവടക്കാർ കൈനിറയെ സംഭാവനകൾ വാഗ്‌ദാനം ചെയ്‌തു. ക്യാമ്പയിൻ ഞായറാഴ്‌ച സമാപിക്കും. Read on deshabhimani.com

Related News