വാട്‌സാപ്പിൽ പരാതി: 
രണ്ടാഴ്ചയ്‌ക്കിടെ 59 ചിത്രം



  കൊല്ലം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത്‌ ഒഴിവാക്കുന്നതിന്റെ ഭാഗമായി നൽകിയ വാട്‌സാപ്‌ നമ്പരിലൂടെ ജില്ലയിൽ രണ്ടാഴ്ചയ്‌ക്കിടെ എത്തിയത്‌ 59 ഫോട്ടോ. നഗരമേഖലയിൽനിന്നാണ്‌ കൂടുതൽ ചിത്രങ്ങൾ എത്തിയത്‌. 37 തദ്ദേശ സ്ഥാപനങ്ങളിൽനിന്നാണ്‌ 59 പരാതി ലഭിച്ചത്‌. കൊല്ലം കോർപറേഷനിൽനിന്നാണ്‌  ഏറ്റവും കൂടുതൽ ഫോട്ടോകൾ ലഭിച്ചത്‌–- 28. കൊട്ടാരക്കര, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളിൽ രണ്ടുവീതം ലഭിച്ചു. 34 പഞ്ചായത്തിൽനിന്നു ഫോട്ടോ ലഭിച്ചിട്ടുണ്ട്‌.    ശുചിത്വമിഷനും തദ്ദേശ ജോയിന്റ്‌ ഡയറക്ടറേറ്റും ചേർന്ന് 15 ദിവസം മുമ്പാണ് പദ്ധതി ആരംഭിച്ചത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നതിന്റെ ചിത്രങ്ങൾ വാട്‌സാപ്പിൽ അയച്ചാൽ വേഗം നടപടി എടുക്കുന്നതിനൊപ്പം പരാതിക്കാർക്ക് സമ്മാനവും ലഭിക്കും.    വരുന്ന ഫോട്ടോ എവിടെയാണെന്ന് പരിശോധിക്കുന്നതാണ് ആദ്യഘട്ടം. അവിടെ മാലിന്യമില്ലെങ്കിൽ പരാതി തള്ളിക്കളയും. ഉണ്ടെങ്കിൽ പരാതി സ്വീകരിച്ച് അവിടെ വൃത്തിയാക്കും. തദ്ദേശസ്ഥാപനങ്ങളാണ് സ്ഥലം ശുചീകരിക്കുക. നിയമലംഘനം നടത്തുന്നത് ആരെന്ന് തെളിവുസഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപ വരെയോ നൽകും. ഓരോ ഇടങ്ങളിലും മാലിന്യം കൂട്ടിയിട്ട ചിത്രങ്ങളും തള്ളുന്നതിന്റെ ചിത്രങ്ങളും വരുന്നുണ്ട്. അവ സത്യസന്ധമാണോ എന്ന് പരിശോധിച്ച്‌ ഉറപ്പാക്കിയാണ്‌ പരാതി എടുക്കുക. ആവർത്തനമോ പരിഹരിക്കപ്പെട്ടതോ ആയ കേസുകളുടെ ചിത്രങ്ങളും പരീക്ഷണ ഫോട്ടോകളും വന്നതിലുണ്ട്‌. ഫോട്ടോ ഉൾപ്പെടെ മാലിന്യം തള്ളുന്നവരെ തിരിച്ചറിയുന്ന തെളിവുകൾ (സിസിടിവി ദൃശ്യങ്ങൾ, വാഹന നമ്പർ) നൽകുന്നവർക്കാണ് സമ്മാനം.  നിയമലംഘനത്തിന്റെ തോതനുസരിച്ചാണ് പിഴ ചുമത്തുന്നത്.  വാട്‌സാപ്‌: 9446700800. Read on deshabhimani.com

Related News