കായംകുളം ഫിഷിങ്‌ ഹാർബർ ഇനി ‘അഴീക്കൽ’



  കരുനാഗപ്പള്ളി  ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിൽ സ്ഥിതിചെയ്യുന്ന മീൻപിടിത്ത തുറമുഖം ഇനി ‘അഴീക്കൽ’ എന്ന പേരിലും അറിയപ്പെടും. നിലവിൽ കായംകുളം ഫിഷിങ്‌ ഹാർബർ എന്നതാണ്‌ ഔദ്യോഗിക നാമം. നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു ഈ പേരുമാറ്റം. ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ആലപ്പുഴ ജില്ലാ ഡിവിഷൻ പരിധിയിലാണ് തുറമുഖം. ആലപ്പാട് പഞ്ചായത്ത്‌ ഒന്നാം വാർഡിൽ അഴീക്കൽ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന മീൻപിടിത്ത തുറമുഖത്തിന് അഴീക്കൽ എന്ന പേര് നൽകണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ഉൾപ്പെടെയുള്ള സംഘടനകളും ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. ഫിഷറീസ് മന്ത്രിയായി സജി ചെറിയാൻ ചുമതലയേറ്റതിനുശേഷം ഇവിടെ സന്ദർശനംനടത്തിയിരുന്നു. യൂണിയൻ നേതാക്കളും നാട്ടുകാരും ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്‌ അപ്പോഴായിരുന്നു. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന്‌ സർക്കാർ വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ടു. 2022 ഫെബ്രുവരി 17ന്‌ ഹാർബർ എൻജിനിയറിങ് ചീഫ് എൻജിനിയറും ജൂൺ 17ന്‌ ഫിഷറീസ് ഡയറക്ടറും സർക്കാരിന് കത്തുനൽകി. തുടർന്ന് മന്ത്രിസഭാ തീരുമാനപ്രകാരം കഴിഞ്ഞ 30ന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.  നിലവിലുള്ള പേരിനൊപ്പം അഴീക്കൽ എന്നുകൂടി ചേർത്തുകൊണ്ടാണ് സർക്കാർ ഉത്തരവ്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഫിഷറീസ് മന്ത്രിയായിരുന്ന ജെ മേഴ്സിക്കുട്ടിഅമ്മയും എംഎൽഎയായിരുന്ന ആർ രാമചന്ദ്രനും മുൻകൈ എടുത്ത് നിരവധി വികസന പദ്ധതികൾ ഹാർബറിൽ നടപ്പാക്കിയിരുന്നു. വാർഫ് നീളം കൂട്ടുന്നതിനായി 7.51 കോടി രൂപയാണ് അനുവദിച്ചിരുന്നത്. വലിയ ബോട്ടുകളും കൂടുതൽ ബോട്ടുകളും ഹാർബറിൽ അടുക്കാൻവേണ്ടിയായിരുന്നു പദ്ധതി. ആധുനിക ലേലഹാൾ പൂർത്തിയായതും ഇക്കാലത്തായിരുന്നു. 60 ലക്ഷം രൂപയുടെ പാർക്കിങ്‌ ഏരിയ നിർമാണം നേരത്തേ പൂർത്തിയായിരുന്നു. നിലവിൽ ഉണ്ടായിരുന്ന 70 മീറ്റർ വാർഫിനോട് ചേർന്ന് വടക്കുവശത്തായാണ് പുതിയ വാർഫ്‌ നിർമിച്ചത്.  Read on deshabhimani.com

Related News