കായലിൽ ദക്ഷിണഅമേരിക്കൻ കക്കകൾ



കൊല്ലം കേരളത്തിലെ കായലുകളിലെ കക്കത്തടങ്ങളിൽ ആധിപത്യം ഉറപ്പിച്ച്‌  ദക്ഷിണഅമേരിക്കൻ കക്കകൾ.  അമേരിക്കൻ ജലാശയങ്ങളിൽ കാണാറുള്ള ‘മൈറ്റെല്ലസ്‌ട്രിഗാറ്റാ’ എന്ന ഇനം കക്ക അഷ്ടമുടി, വേമ്പനാട്‌, കായംകുളം എന്നീ കായലുകളിൽ   വ്യാപകമായതായി സിഎംഎഫ്‌ആർഐ പഠനം വെളിവാക്കുന്നു.  മധ്യ,  ദക്ഷിണഅമേരിക്കൻ  സ്വദേശികളായ  ഇവയ്‌ക്ക്‌ തനത്‌ കക്കകളേക്കാൾ അഭൂതപൂർവ വളർച്ചനിരക്കാണുള്ളത്‌.  ഒരു സ്‌ക്വയർ മീറ്ററിൽതന്നെ 1232എണ്ണം കക്കയാണ്‌  വളരുന്നത്‌.  രാജ്യത്തെ ജലാശയങ്ങളിൽ ഇവയെ ആദ്യമായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.  അടുത്തിടെ തായ്‌ലൻഡ്‌, സിംഗപ്പൂർ, ഫിലിപ്പീൻസ്‌ എന്നിവിടങ്ങളിൽ കണ്ടെത്തിയ ഇവ രണ്ടുവർഷത്തിനുള്ളിൽ പ്രദേശമാകെ നിറഞ്ഞതായി റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു.   ഇവ  തനത്‌ കക്ക, മുരിങ്ങ, ചിപ്പി തുടങ്ങിയ  സമ്പത്തിന്‌ ഭീഷണിയാകുമോയെന്ന ആശങ്ക  ശാസ്‌ത്രജ്ഞർ പങ്കുവയ്‌ക്കുന്നുണ്ട്‌.  മുട്ട ഉൽപ്പാദനം,  വളർച്ചനിരക്ക്‌ എന്നിവയിൽ നമ്മുടെ കക്കകളേക്കാൾ അതിവർധനയാണ്‌ ഇവയ്‌ക്കുള്ളത്‌. പാരിസ്ഥിതിക വ്യതിയാനം തരണംചെയ്യാൻ കഴിയുന്നതിനാൽ ഇവ ജലകൃഷിക്ക്‌ ഉപയുക്തവുമാണ്‌.  വളരെ ഉയർന്ന നിരക്കിൽ പോഷകം അടങ്ങിയിട്ടുള്ള ഇവ  ഭക്ഷ്യയോഗ്യവുമാണ്‌. ഇപ്പോൾത്തന്നെ പ്രാദേശിക വിപണിയിൽ  വിൽപ്പനയ്‌ക്ക്‌ എത്തുന്നതായും കണ്ടെത്തി. എന്നാൽ, നമ്മുടെ  ജലാശയങ്ങളിൽ ഇവ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച്‌  ദുരൂഹത തുടരുകയാണ്‌. കൊച്ചിതുറമുഖത്ത്‌ നങ്കൂരമിടുന്ന  കപ്പലുകളിലെ അടിത്തട്ടിൽ പറ്റിപ്പിടിച്ച്‌ എത്തിയതാകാമെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. Read on deshabhimani.com

Related News