തഴവ ​ഗവ. കോളേജ് 
പുതിയ കെട്ടിടത്തിലേക്ക്



കരുനാഗപ്പള്ളി പത്തുവർഷത്തിലധികമായി സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന തഴവ ​ഗവ. കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കും. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഐഎച്ച്ആർഡി പോളിടെക്നിക് ക്യാമ്പസിനുള്ളിൽ ഉപയോ​ഗിക്കാതെ കിടക്കുന്ന കെട്ടിടം, വൈഎംഎം സെൻട്രൽ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം, ഐഎച്ച്ആർഡി കോളേജിനു സമീപമുള്ള സ്വകാര്യ കെട്ടിടം എന്നിവിടങ്ങളിൽ 19ന് സ്ഥലപരിശോധന നടത്തും. 21ന് കലക്ടറുടെ ചേംബറിൽ വികസനസമിതി ചേരാനും കോളേജ് മാറ്റിസ്ഥാപിക്കാൻ അനുമതി ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ടുനൽകാനും തീരുമാനിച്ചു.   ഏറെക്കാലമായി പരിമിതികളുള്ള കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വിദ്യാർഥികളുടെ നേതൃത്വത്തിൽ സമരവും നടത്തി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന ആർ രാമചന്ദ്രൻ മുൻകൈയെടുത്ത് കോളേജ്‌ കെട്ടിടത്തിനായി ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിൽനിന്ന് അഞ്ചേക്കറിലധികം വസ്തു അനുവദിച്ചിരുന്നു. കിഫ്ബിയിൽനിന്ന് ഫണ്ടും അനുവദിച്ചു. പലവിധ കാരണങ്ങളാൽ നിർമാണം ആരംഭിക്കാൻ സാധിച്ചില്ല. വിഷയം സർക്കാരിന്റെ ശ്രദ്ധയിലെത്തിയതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രശ്നത്തിൽ ഇടപെട്ടു. ഉടൻതന്നെ കെട്ടിടനിർമാണം ആരംഭിക്കുമെന്ന് കിഫ്ബി അഡീഷണൽ ഡയറക്ടർ ഉറപ്പുനൽകിയതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News