എഴുത്തിന്റെ ഇംഗ്ലീഷ് വഴി
കരുതാഗപ്പള്ളി കൊറോണക്കാലം നൽകിയ അനുഭവസമ്പത്തുകൾ സമാഹരിച്ച് ശാസ്ത്രരംഗത്തെ വേറിട്ട സാഹചര്യങ്ങളെ കൂട്ടിയിണക്കി ഇംഗ്ലീഷ് സയൻസ് ഫിക്‌ഷൻ നോവൽ തയ്യാറാക്കി ഒമ്പതാം ക്ലാസുകാരി. ‘റേൻ ഓഫ് ഇൻസേനിറ്റി’ എന്ന ഇംഗ്ലീഷ് നോവൽ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശിപ്പിച്ചു. ക്ലാപ്പന പാട്ടത്തിൽകടവ് മുരിക്കിനാൽ തെക്കതിൽ ഷബീറിന്റെയും- സാജിതയുടെയും മകൾ സനാരി സുഹയുടെ പ്രഥമ നോവൽ സൈകതം ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. ഭ്രാന്തുപിടിച്ച ഭരണകൂടവും ശാസ്ത്രത്തിന്റെ ധാർമികതയും തമ്മിലുള്ള സംഘർഷമാണ് നോവലിന്റെ ഇതിവൃത്തം. അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് സനാരി സുഹ. യുഎഇയിലെ അജ്മാനിൽ സ്ഥിരതാമസമാക്കിയ കുടുംബം കോവിഡ് കാലത്ത് നാട്ടിലായിരുന്നു. ആ സമയത്ത് സനാരിയുടെ ആറ്, ഏഴ് ക്ലാസുകളിലെ പഠനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലും വിവേകാനന്ദ സ്കൂളിലുമായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതും രോഗവ്യാപനത്തെ തടയാൻ ലോകരാജ്യങ്ങൾ പോലും ആദ്യഘട്ടത്തിൽ പകച്ചുനിന്നതുമെല്ലാം വിദ്യാർഥിയായിരുന്ന സനാരിയുടെ മനസ്സിൽ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ആ ചോദ്യങ്ങൾ അടുക്കിവച്ചാണ് ശാസ്ത്രനോവൽ രചനയിലേക്ക് കടക്കാൻ സനാരി പിന്നീട് തീരുമാനിച്ചത്. ക്ലാപ്പനയിലെ കുടുംബവീടിനു സമീപത്തെ ഗ്രന്ഥശാലയിൽനിന്ന് വായിച്ച നിരവധി പുസ്തകങ്ങൾ നൽകിയ കരുത്താണ് എഴുത്തിന്റെ ലോകത്തിലേക്കു കടക്കാൻ വിദ്യാർഥിനിയെ പ്രേരിപ്പിച്ചത്. പുസ്തകത്തിന്റെ കവറും സനാരി തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. മലയാള പരിഭാഷകൂടി തയ്യാറാക്കി കേരളത്തിൽ പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഷാർജയിൽ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ എക്സിക്യൂട്ടീവായ മോഹൻകുമാറിനു നൽകി പുസ്തകം പ്രകാശിപ്പിച്ചു. പ്രഭാഷകൻ പി കെ അനിൽകുമാർ പുസ്തകം പരിചയപ്പെടുത്തി. മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ നിഷ രത്നമ്മ, മനോജ് കോടിയത്, ഗീത മോഹൻ, മുജീബ് എടവണ്ണ, അനുജ നായർ, നിയാസ് ഇ കുട്ടി തുടങ്ങിയവർ പങ്കെടുത്തു. ഇനായയാണ് സനാരിയുടെ സഹോദരി. Read on deshabhimani.com