ജൈവകൃഷിയിൽ വിജയകലയുടെ കൈയൊപ്പ്
കരുനാഗപ്പള്ളി കൃഷിയിൽ വിജയകല രചിച്ച വിജയഗാഥ തുടരുകയാണ്. കൃഷിയിലൂടെ ആർജിച്ച അറിവുകളും വളപ്രയോഗം, ജൈവ കീടനാശിനി നിർമാണം തുടങ്ങിയവയെല്ലാം നവമാധ്യമങ്ങളിലൂടെ മറ്റുള്ളവർക്കായി പങ്കുവച്ചും വൈവിധ്യമാർന്ന കാർഷിക വിളകളുടെ വിൽപ്പനയിലൂടെയും മെച്ചപ്പെട്ട വരുമാനമാണ് കണ്ടെത്തുന്നത്. തൊടിയൂർ 16–--ാം വാർഡിൽ ശിവഗംഗയിൽ വിജയകലയ്‌ക്ക് കൃഷിയിൽ ഒരിക്കലും നിരാശപ്പെടേണ്ടി വന്നിട്ടില്ല. ഒമ്പതു വർഷമായി കൃഷി ചെയ്യുന്നു. ഇത്തവണയും മുറതെറ്റാതെ പുതിയ സീസണിലേക്കുള്ള കൃഷി തുടങ്ങി. പച്ചമുളക്, തക്കാളി, വഴുതന, വെണ്ട, കുക്കുമ്പർ, പയർ, പാവൽ, പടവലം, വഴുതന, തക്കാളി തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും വിളവെടുപ്പിനു പാകമാകുന്നു. പയറിന്റെയും പാവലിന്റെയും മറ്റും വിളവെടുപ്പ് ആരംഭിച്ചു. ജൈവ കാർഷിക ഉൽപ്പന്നങ്ങൾ വിറ്റുപോകാൻ നിമിഷങ്ങൾ മതി. കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും നിർലോഭ പിന്തുണയുമുണ്ട്. സമീപവാസി വിട്ടുനൽകിയ ഒരേക്കർ ഭൂമിയിലാണ് വിജയകലയുടെ കൃഷിത്തോട്ടം. ദിവസവും 4–--5 മണിക്കൂർ വരെ കൃഷിക്കായി മാറ്റിവയ്ക്കും. ട്രിപ്പ് ഇറിഗേഷൻ ഉൾപ്പെടെയുള്ള പ്രിസിഷൻ ഫാമിങ്ങാണ് ഉപയോഗിക്കുന്നത്. തണ്ണിമത്തൻ, പുഷ്പ കൃഷിയിലും മികച്ച വിളവുണ്ടായി. താമര, വിവിധതരം ഓർക്കിഡുകൾ, ജമന്തി, റോസ് തുടങ്ങി ഒട്ടേറെ ഇനങ്ങളാണ് കൃഷിചെയ്യുന്നത്. പപ്പായ കൃഷിയിൽ വിജയം നേടാനും കഴിഞ്ഞു. റെഡ് ലേഡി വിഭാഗത്തിൽപ്പെട്ട പപ്പായയാണ് കൃഷി ചെയ്തത്. കുടുംബശ്രീ പ്രവർത്തകയായ ഇവർക്ക് പഞ്ചായത്തിലെ മികച്ച കർഷക എന്ന നിലയിൽ കൃഷിവകുപ്പിന്റെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന എഫ്ബി കൂട്ടായ്മയുടേത് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചു. വിജയകലയുടെ കൃഷിയുടെ ഫോട്ടോകളും വീഡിയോകളും മറ്റും നവ മാധ്യമങ്ങളിലും വൈറലാണ്. ഭർത്താവ് അനിൽകുമാറും മക്കളായ ആഷ്ലി, അശ്വിൻ എന്നിവരും സഹായത്തിനുണ്ട്. Read on deshabhimani.com