ലക്ഷ്മിവിലാസം ഗവ. എൽപിഎസിൽ ബഹുനിലമന്ദിരം ഉദ്ഘാടനം ഇന്ന്
ചവറ ചവറ സൗത്ത് ലക്ഷ്മിവിലാസം ഗവ. എൽപിഎസിൽ നിർമിച്ച ബഹുനില മന്ദിരം വെള്ളി പകൽ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും. സുജിത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനാകും. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണംനടത്തും. പഴയ കെട്ടിടം പൊളിച്ചാണ് പുതിയ ബഹുനിലമന്ദിരം നിർമിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 1.10 കോടിയും സുജിത് വിജയൻപിള്ള എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 27 ലക്ഷം രൂപയും ലഭ്യമാക്കി. രണ്ടു നിലയിലായി എട്ടു ക്ലാസ് മുറിയുള്ള കെട്ടിടം 4500 സ്ക്വയർ ഫീറ്റിലാണ് നിർമിച്ചത്. 1928ൽ പാടിയിൽ ശങ്കരൻനായർ മകൾ ലക്ഷ്മിക്കുട്ടിയമ്മയുടെ പേരിൽ സ്ഥാപിച്ച ലക്ഷ്മിവിലാസം എൽപിഎസ് 1949ൽ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. നിരവധി പ്രതിസന്ധികൾ തരണംചെയ്തു. നാനൂറോളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമായി ഉയർന്നു. വർഷങ്ങൾക്കു മുമ്പ് അടച്ചുപൂട്ടൽ ഭീഷണിയിലെത്തിയ വിദ്യാലയം ഇന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ മാതൃകയായി തലയുയർത്തി നിൽക്കുന്നു. വിദ്യാലയത്തെ വികസനത്തിന്റെ ഉന്നതിയിൽ എത്തിച്ചതിന് മുൻ പ്രധാനാധ്യാപികയായിരുന്ന തങ്കലതയ്ക്ക് 2020ലെ ദേശീയ അധ്യാപക അവാർഡ് ലഭിച്ചിരുന്നു. പ്രധാനാധ്യാപിക പി ജലജയും എസ്എംസിയുമാണ് സ്കൂളിൽ പഠന, പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിലവിൽ നേതൃത്വംനൽകുന്നത്. കുട്ടികളുടെ മനോവികാസത്തിന് ഊന്നൽനൽകുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. Read on deshabhimani.com