പെരുവേലിക്കര ബണ്ട് റോഡിൽ ചാക്കിൽ കോഴി മാലിന്യം തള്ളി



ശാസ്താംകോട്ട  പെരുവേലിക്കര പൗണ്ടുമുക്ക് ബണ്ട് റോഡിൽ പൗണ്ടുമുക്കിന് സമീപം ഒരുലോഡ് കോഴി അറവു മാലിന്യം തള്ളിയ നിലയിൽ. വ്യാഴാഴ‌്ച  രാവിലെ അസഹ്യമായ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിസരവാസികൾ നടത്തിയ തെരച്ചിലിലാണ് കല്ലടയാറ്റിനോടു ചേർന്ന ബണ്ട് റോഡരികിലെ കുറ്റിക്കാട്ടിൽ ചാക്കുകെട്ടികളിലാക്കി അറവു മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്.  രാത്രിയിൽ ലോറിയിലെത്തിച്ച മാലിന്യം ഇവിടെ തള്ളിയശേഷം കടന്നുകളഞ്ഞതാകാമെന്ന് കരുതുന്നു. 50  ചാക്കിലാണ് ദിവസങ്ങളോളം പഴക്കമുള്ള പുഴുവരിച്ച കോഴി അറവു മാലിന്യം തള്ളിയിരിക്കുന്നത്. രാവിലെ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചതോടെ പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി. പിന്നീട് മണ്ണ് മാന്തിയന്ത്രം എത്തിച്ച് കുഴിയെടുത്ത് മാലിന്യം മൂടി. കടപുഴ പാലത്തിൽനിന്നു മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാർ നിരീക്ഷണം ശക്തമാക്കിയതാണ് ഇടറോഡിൽ മാലിന്യം തള്ളാൻ പ്രേരിപ്പിച്ചെതെന്നു കരുതുന്നു.   Read on deshabhimani.com

Related News