ഉറച്ചമനസ്സുമായി സർഫറാസ് ആലം ബിഹാറിലേക്ക് മടങ്ങി

ബീഹാർ സ്വദേശി സർഫറാസ് ആലം ആശ്രയയിൽ നിന്ന് സ്വദേശമായ ബിഹാറിലേക്ക് മടങ്ങുന്നു


കൊട്ടാരക്കര  മാനസ്സികാസ്വാസ്ഥ്യംമൂലം വീടുവിട്ടിറങ്ങിയ യുവാവ് ആശ്രയ സങ്കേതത്തിൽ ലഭിച്ച മികച്ച പരിചരണത്തിലൂടെ വീണ്ടെടുത്ത മനസ്സുമായി സ്വദേശമായ ബിഹാറിലേക്ക് മടങ്ങി. ബിഹാർ മുസാഫർപുർ ജില്ലയിലെ ബറുരാജ്‌ ഗ്രാമവാസിയായ സർഫറാസ് ആലമാണ് (25)നാട്ടിലേക്ക് മടങ്ങിയത്. മാസങ്ങൾക്കു മുമ്പാണ് മുഷിഞ്ഞ വേഷം ധരിച്ച മാനസ്സികാസ്വാസ്ഥ്യമുള്ള യുവാവ് എംസി റോഡിലൂടെ അലഞ്ഞു നടക്കുന്നത് ആശ്രയയുടെ മീഡിയ മാനേജർ അരുൺദാസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇയാളെ ആശ്രയയിലേക്ക് മാറ്റി. ആശ്രയയിലെ മനോരോഗവിദ​ഗ്ധരുടെ പരിശ്രമം സർഫറാസിന്റെ ഓർമകളിൽ വെളിച്ചം കൊണ്ടുവന്നു. തുടർന്ന് തന്റെ നാടിനെക്കുറിച്ച് സർഫറാസ് നൽകിയ സൂചനവച്ചുള്ള അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്താനായത്.  ചെന്നൈയിൽ ബി ടെക് സിവിൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ സർഫറാസ് സ്വന്തം നാട്ടിൽ യുപിഎസ്‍സി പരിശീലനത്തിനോടൊപ്പം  വിദ്യാർഥികൾക്ക് ട്യൂഷനും എടുക്കുകയായിരുന്നു. എന്നാൽ, ലഹരിക്കടിമയായി മനോനില തകരാറിലായതോടെ വീടുവിട്ടിറങ്ങി. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ബം​ഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞു നടന്നതിനു ശേഷമായിരുന്നു സർഫറാസ് കേരളത്തിലെത്തിയത്. ഇയാളെ കാണാനില്ലെന്നു കുടുംബാംഗങ്ങൾ പൊലീസിൽ പരാതിനൽകി കാത്തിരിക്കുന്നതിനിടയിലാണ് ആശ്രയയിൽനിന്ന് സന്ദേശമെത്തിയത്. തുടർന്ന് സഹോദരൻ മുഹമ്മദ് ഗുലാം വാരിസ് സങ്കേതത്തിലെത്തി സർഫറാസിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, മിനി ജോസ്, ട്രഷറർ കെ ജി അലക്സാണ്ടർ, ജനറൽ സൂപ്രണ്ട് വർഗീസ് മാത്യൂ എന്നിവർ ചേർന്ന് സർഫറാസിനെ നാട്ടിലേക്ക് യാത്രയാക്കി.  Read on deshabhimani.com

Related News