കൊട്ടാരക്കരയിൽ 
ലഹരിമരുന്നുവേട്ട: 3പേർ അറസ്റ്റിൽ



കൊട്ടാരക്കര ക്രിസ്മസ്, പുതുവർഷ ആഘോഷം ലക്ഷ്യമിട്ടുള്ള ലഹരിവ്യാപാരത്തിനെതിരെ എക്സൈസ് നടത്തിയ പരിശോധനയിൽ കൊട്ടാരക്കരയിൽ മൂന്നുപേർ അറസ്റ്റിൽ. പ്രതികളിൽനിന്ന് 8.188ഗ്രാം മെത്താഫെറ്റാമൈനും 13 ഗ്രാം കഞ്ചാവും പൾസർ ബൈക്കും പിടിച്ചെടുത്തു. നിരവധി ലഹരി മയക്കുമരുന്ന് വിൽപ്പന കേസിൽ പ്രതിയായ എഴുകോൺ കാക്കക്കോട്ടൂർ സ്വദേശി രാഹുൽരാജിനെ (28) 4.069 ഗ്രാം മെത്താഫെറ്റാമൈനും കഞ്ചാവുമായി തൃക്കണ്ണമംഗൽ തട്ടത്തുപള്ളി ഭാഗത്തുനിന്നാണ് പിടികൂടിയത്. രാഹുൽ സഞ്ചരിച്ചിരുന്ന പൾസർ 220 ബൈക്കും പിടികൂടി. 4.182 ഗ്രാം മെത്താഫെറ്റാമൈനുമായി തൃക്കണ്ണമംഗൽ മയിലാടുംപാറ റജിൻഭവനിൽ റെജിൻ ജോസഫിനെയും (23) പിന്നാലെ പിടികൂടി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. ഗാന്ധിമുക്ക് കുന്നുംപുറത്ത് വീട്ടിൽ വൈശാഖിനെ (25) എട്ടുഗ്രാം കഞ്ചാവുമായും പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എം ജെ ഗിരീഷ്, അസിസ്റ്റന്റ് റേഞ്ച് ഇൻസ്‌പെക്ടർ കെ ബി ബാബു പ്രസാദ്, അസിസ്റ്റന്റ് റേഞ്ച് ഓഫീസർ അരുൺ, സജി ചെറിയാൻ, അരുൺ സാബു, സൗമ്യ, മുബീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്. Read on deshabhimani.com

Related News