പടരില്ല... വേണം അതിജാഗ്രത



കൊല്ലം ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ ആരോഗ്യവകുപ്പ്‌. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. എന്നാൽ, ഇത്‌  മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരില്ല.  ബ്രെയിൻ ഈറ്റർ എന്നറിയുന്ന നേഗ്ലെറിയ ഫൗലേറി,  അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ മൂക്കിനുള്ളിലേക്ക് വെള്ളം കയറ്റുകയോ ചെയ്യുന്നതിലൂടെയാണ് അമീബ തലച്ചോറിലെത്തുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ  മൂക്കിനെയും മസ്തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്കു കടന്ന്‌ മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുന്നു. രോ​ഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നതുവഴി മാത്രമാണ് രോ​ഗബാധയുണ്ടാകുന്നത്. അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്‌തിഷ്‌ക  കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിച്ച്‌  നീർക്കെട്ട് വരും. ഇത് ഗുരുതരമായാൽ മസ്‌തിഷ്‌ക മരണം സംഭവിക്കും.  പ്രാഥമിക ലക്ഷണങ്ങൾ  രോഗാണുബാധ ഉണ്ടായാൽ ഒന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പക്ഷേ, പല പനിക്കും ഈ രോ​ഗലക്ഷണങ്ങൾ കാണുന്നതുകൊണ്ടുതന്നെ ആരും വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയമാകില്ല.  രണ്ടു ഘട്ടമായാണ്  ലക്ഷണങ്ങൾ പ്രകടമാകുക.  ആദ്യഘട്ടത്തിൽ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ്‌ ലക്ഷണം. രണ്ടാംഘട്ടത്തിൽ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ഓർമ നഷ്ടമാകൽ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യും.  കുഞ്ഞുങ്ങളിലെ  
ലക്ഷണങ്ങൾ  ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ, രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കണം.  പ്രതിരോധിക്കാം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും കളിക്കുന്നതും ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. പൂളുകളിൽ നീന്തുന്നവർ മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ തല ഉയർത്തിപ്പിടിക്കുകയോ ചെയ്യുക.  നിലവിലെ സാഹചര്യത്തിൽ കുളങ്ങൾ പോലുള്ള ജലസ്രോതസ്സുകളിൽ കുളിക്കരുത്.  ആർആർടി  
അടിയന്തരയോഗം ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലാതല ആർആർടി യോഗംചേർന്നു. ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന്‌ യോഗം അറിയിച്ചു. രോഗം റിപ്പോർട്ട്‌ ചെയ്ത പ്രദേശത്ത് ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജലാശയങ്ങളുടെ സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും മൈക്ക് അനൗൺസ്‌മെന്റ് നടത്താനും സ്കൂളുകൾ വഴി കുട്ടികൾക്ക് ബോധവൽക്കരണ സന്ദേശങ്ങൾ നൽകാനും തീരുമാനിച്ചു. ആരോഗ്യവകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, പാരിപ്പള്ളി മെഡിക്കൽ കോളേജ്, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.    Read on deshabhimani.com

Related News