ജോലി നേടലിന്റെ വേറിട്ടവഴി



    കൊല്ലം യുവാക്കളിൽ ജോലിസാധ്യതകളുടെ അനന്തസാധ്യതകൾ തുറന്നിടുകയാണ്‌ അസാപ് കേരളയുടെ എൻറോൾഡ് ഏജന്റ് കോഴ്സ്. അമേരിക്കൻ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള എൻറോൾഡ് ഏജന്റ് എന്ന ജോലിയിലേക്ക്‌ പരിശീലനം ലഭിച്ച ഭൂരിഭാഗം പേരെയും എത്തിക്കാനായതിന്റെ തിളക്കത്തിലാണ്‌ അസാപ്. കോമേഴ്സ് ബിരുദധാരികൾക്ക് തുടക്കത്തിൽ നാലുമുതൽ 7.5 ലക്ഷംവരെ വാർഷിക ശമ്പളം നേടാനാകും. നിരവധി മൾട്ടിനാഷണൽ കമ്പനികൾ ഇതിനോടകം അസാപിനെ സമീപിച്ചു. പതിനായിരക്കണക്കിന് തൊഴിലവസരം നിലവിലുണ്ട്‌. നാട്ടിൽനിന്ന്‌ യുഎസ് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാം എന്നതാണ് പ്രത്യേകത. നാലുമുതൽ ആറുമാസംവരെയാണ്‌ കോഴ്സ് കാലാവധി. ഓൺലൈനായും ഓഫ് ലൈനായും പഠിക്കാം. പരിശീലനം പൂർത്തിയാക്കിയ 85 ശതമാനം ഉദ്യോഗാർഥികളും ഇതിനകം വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎസ് സന്ദർശനത്തിനിടെ വിവിധ കമ്പനികളുമായി നടന്ന ചർച്ചകളുടെ ഫലമായാണ് എൻറോൾഡ് ഏജന്റ് പരിശീലനം കേരളത്തിലെത്തിയത്. യുഎസ് നികുതി മേഖലയ്ക്കാവശ്യമായ മികച്ച തൊഴിൽ നൈപുണ്യമുള്ളവരെ കേരളത്തിൽ ലഭിക്കുമെന്ന് കമ്പനികളെ ബോധ്യപ്പെടുത്താനായി അസാപ് മുൻകൈയെടുത്ത് കഴിഞ്ഞവർഷം തിരുവനന്തപുരത്ത് യുഎസ് അക്കൗണ്ടിങ്‌ റൗണ്ട് ടേബിൾ സംഘടിപ്പിച്ചിരുന്നു. അതേത്തുടർന്നാണ്‌ 2023 ഒക്ടോബറിൽ കുളക്കട കമ്യൂണിറ്റി സ്കിൽ പാർക്കിൽ അമേരിക്കൻ സ്ഥാപനമായ ജിആർ8 അഫിനിറ്റി സർവീസസ് ഓഫീസ് ആരംഭിച്ചത്‌. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ വർക്ക് നിയർ ഹോം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രാവർത്തികമായത്. സ്റ്റാർട്ടപ്‌ മിഷനും സഹകരിച്ചു. കമ്പനി നിയമിച്ച 42 ജീവനക്കാരിൽ 20 പേരും പരിശീലനം പൂർത്തിയാക്കി. മേഖലയിലേക്കുള്ള മാറ്റം എളുപ്പമാക്കുന്നതിനായി ഒരുക്കിയ ബ്രിഡ്ജ് കോഴ്സ്‌ നിലവിൽ 1500 വിദ്യാർഥികൾ പൂർത്തിയാക്കി. ഉദ്യോഗാർഥികൾക്ക് കമ്പനികളിൽ ഇന്റർവ്യൂ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ സഹായിക്കുന്ന പ്ലെയ്സ്മെന്റ് ഗ്രൂമിങ്‌ പ്രോഗ്രാമും  അസാപ്  നൽകുന്നുണ്ട്‌. ഫോൺ: 9495999626, 9495999706. Read on deshabhimani.com

Related News