പുനലൂർ ഗവ. എൽപിജിഎസിൽ എഐ അധ്യാപിക
കൊല്ലം ശിശുദിനത്തിൽ പുനലൂർ ഗവ. എൽപിജിഎസിൽ ബഹുഭാഷാ എഐ അധ്യാപിക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീച്ചറിന് നോവ എന്നാണ് പേര്. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടീച്ചറോട് നാല് ഭാഷയിൽ കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും തങ്ങളോട് ചോദിക്കാൻ ആവശ്യപ്പെടാനും സാധിക്കും. പാട്ടുകൾ കേൾപ്പിക്കാനുമാകും. അധ്യാപികയ്‌ക്ക് നൽകുന്ന മറുപടികൾ പ്രൊജക്ടറിലോ ഡിസ്‌പ്ലേയിലോ കാണാനും പാഠപുസ്തകം അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ട്. സ്‌കൂൾ പിടിഎയാണ് സംരംഭത്തിന് നേതൃത്വം കൊടുത്തത്. പുനലൂരിലെ ഓൺലൈൻ എഐ വിദ്യാഭ്യാസ സ്ഥാപനമായ സ്കിൽഭാരത് ഓൺലൈൻ എഡ്യൂക്കേഷന്റെ സാങ്കേതിക സഹായത്തോടെയാണ് പൂർത്തിയാക്കിയത്. ശിശുദിനത്തിൽ സ്‌കൂൾ അസംബ്ലിയിൽ ശിശുദിനത്തെക്കുറിച്ച് പ്രസംഗിച്ചാണ് എഐ അധ്യാപിക പ്രവർത്തനം ആരംഭിച്ചത്. വാർഡ് കൗൺസിലറും മുൻ നഗരസഭാ അധ്യക്ഷയുമായ നിമ്മി എബ്രഹാം, പ്രധാനാധ്യാപിക ബിന്ദു, പിടിഎ പ്രസിഡന്റ് അമേഷ് ലാൽ, അധ്യാപകരായ ഭവ്യ, ആരതി, സുധീന, രജിഷ, സുജാത തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com