ഇതളുകൾ വിടർത്തി ഡാലിയ 
തണലേകുന്നു

കുഴിത്തുറ ഗവ. ഫിഷറീസ് സ്കൂളിൽ നടന്ന ഡാലിയ അനുസ്മരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ
 ഉദ്ഘാടനം ചെയ്യുന്നു


  കരുനാഗപ്പള്ളി  അപ്രതീക്ഷിതമായി വിദ്യാലയത്തിന് നഷ്ടമായ പ്രിയ അധ്യാപിക ഡാലിയയുടെ അനുസ്മരണം അവയവദാനത്തിലൂടെ അവിസ്മരണീയമാക്കി കുഴിത്തുറ ഗവ. ഫിഷറീസ്‌ ഹയർ സെക്കൻഡറി സ്കൂൾ. ജൂലൈ 22നാണ്‌ എൽപി സ്‌കൂൾ അധ്യാപിക ഡാലിയയ്‌ക്ക്‌ മസ്‌തിഷ്‌ക മരണം സംഭവിച്ചത്‌. സ്‌കൂളിലെ ഓണാഘോഷങ്ങൾ മാറ്റിവച്ച് അധ്യാപികയുടെ അനുസ്മരണവും അവയവദാന രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിക്കുവാൻ വിദ്യാലയം തീരുമാനിക്കുകയായിരുന്നു. അധ്യാപകരും പിടിഎ അംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെ എഴുപതോളം പേർ അവയവദാനത്തിന്‌ സമ്മതപത്രം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ അനുസ്മരണം ഉദ്ഘാടനംചെയ്തു. കെ-സോട്ടോ തിരുവനന്തപുരം പ്രതിനിധികളായ ബേസിൽ സാജു, ഡോ. ബിനോയ് മാത്യൂ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്ത രമേശ് എന്നിവർ ചേർന്ന് ഡാലിയയുടെ കുടുംബത്തെ ആദരിച്ചു. പിടിഎ പ്രസിഡന്റ്‌ എൻ ബിനുമോൻ അധ്യക്ഷനായി. തുടർന്ന് അവയവദാനവുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തി ഡോ. ബിനോയ് ക്ലാസെടുത്തു. പൂർവവിദ്യാർഥി ദുർഗ എസ്‌ ബിജു വരച്ച ഡാലിയയുടെ ഛായാചിത്രം മകൻ അയ്യപ്പന് സമ്മാനിച്ചു. കുട്ടികൾ തയ്യാറാക്കിയ "ഇതൾ കൊഴിയാതെ ഡാലിയ ടീച്ചർ’ എന്ന ദൃശ്യാവിഷ്കാരവും നടന്നു. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്കു നേടുന്ന കുഴിത്തുറ സ്കൂളിലെ വിദ്യാർഥിക്ക്‌ ഡാലിയയുടെ സ്മരണാർത്ഥമുള്ള പുരസ്കാരം നൽകുമെന്ന് ഭർത്താവായ ശ്രീകുമാർ അറിയിച്ചു.  Read on deshabhimani.com

Related News