റവന്യു സേവനങ്ങൾ ഒറ്റക്കാർഡിൽ 
ലഭ്യമാക്കും: മന്ത്രി കെ രാജൻ



കൊല്ലം കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും റവന്യൂ സേവനങ്ങൾ സ്മാർട്ട് കാർഡിലൂടെ ലഭ്യമാക്കുമെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ പട്ടയമേള ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഒരു കുടുംബത്തിനെക്കുറിച്ച്‌ മനസ്സിലാക്കേണ്ട എല്ലാ വിവരങ്ങളും ഒരു ചിപ്പിനുള്ളിൽ ലഭ്യമാക്കുന്ന കാർഡായിരിക്കും നടപ്പാക്കുക. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പിന്തുണയോടെ ഇത്‌ തയ്യാറാക്കുന്നതിനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നു മന്ത്രി പറഞ്ഞു. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പട്ടയം വിതരണംചെയ്ത സർക്കാരെന്ന ബഹുമതിയാണ്‌ പിണറായി സർക്കാരിന്‌. മൂന്നു വർഷത്തിനുള്ളിൽ 1,80,877 പട്ടയമാണ്‌ വിതരണംചെയ്തത്‌. വർഷങ്ങളായി കടൽക്കരയിൽ താമസിക്കുന്നവർ കടൽപ്പുറമ്പോക്ക് ഭൂമിയിലാണ് ഉൾപ്പെട്ടിരുന്നത്. 1964ലെ ഭൂമിപതിവ് ചട്ടപ്രകാരം ആർക്കൊക്കെ ഭൂമി നൽകാമെന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഭൂമി ക്രയവിക്രയങ്ങൾ സുതാര്യമാകുന്ന ‘എന്റെ ഭൂമി' സംയോജിത പോർട്ടൽ 22ന് നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.  ചരിത്രത്തിലെ ഏറ്റവുമധികം പട്ടയങ്ങൾ കഴിഞ്ഞ എട്ടുവർഷത്തിൽ നൽകാനായി എന്നും  ദീർഘകാലമായി വിവിധയിടങ്ങളിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുക എന്ന വലിയ ദൗത്യമാണ് സർക്കാർ പ്രതിജ്ഞാബദ്ധമായി നടപ്പാക്കിയതെന്നും അധ്യക്ഷനായ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. Read on deshabhimani.com

Related News