വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിലായി



കൊല്ലം  കോടതി ശിക്ഷ വിധിച്ചശേഷം ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതികൾ കൊല്ലം സിറ്റി പൊലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ പിടിയിലായി. ഇരവിപുരം സ്റ്റേഷനിൽ പത്തും കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ ഒമ്പതും ഉൾപ്പെടെ 58 കേസിലെ പ്രതികളാണ് പിടിയിലായത്. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ 1993ൽ രജിസ്റ്റർചെയ്ത സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ കൊല്ലം ഉമ്പയിൽ ഹൗസിൽ രാജ്‌മോഹനാണ് പിടിയിലായവരിൽ ഏറ്റവും പഴക്കമുള്ള കേസിലെ പ്രതി. സ്‌പെഷ്യൽ ഡ്രൈവിൽ പിടിയിലായ കൊല്ലം തെക്കേവിള അമൃതകുളത്തിൽ തോട്ടത്തിൽ വീട്ടിൽ രാജു ഇരവിപുരം സ്റ്റേഷനിൽ എട്ടും കൊട്ടിയം സ്റ്റേഷനിൽ ഒരു കേസും അടക്കം ഒമ്പത് സാമ്പത്തികത്തട്ടിപ്പ് കേസുകളിൽ കോടതി ശിക്ഷ വിധിച്ച പ്രതിയാണ്. കരുനാഗപ്പള്ളി സ്റ്റേഷനിൽ പിടിയിലായ കൃഷ്ണപുരം കാവിലഴികത്ത് ഹൗസിൽ സ്‌പൈഡർ സുനിൽ എന്ന സുനിൽകുമാർ കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. മോഷണശേഷം ഒളിവിൽ കഴിയാൻ വിദഗ്ധനായ ഇയാളെ വളരെ ശ്രമകരമായാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ഡിസിആർബി എസിപി നസീറിന്റെ നേതൃത്വത്തിലാണ് സ്‌പെഷ്യൽ ഡ്രൈവ് ഏകോപിപ്പിച്ചത്. Read on deshabhimani.com

Related News