കുരീപ്പുഴ ചണ്ടിഡിപ്പോയിൽ വ്യവസായ കോറിഡോർ

കുരീപ്പുഴ ചണ്ടിഡിപ്പോയിൽ മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിക്കുന്നു. മേയർ പ്രസന്ന ഏണസ്റ്റ്‌, 
ഡെപ്യൂട്ടി മേയർ കൊല്ലം മധു എന്നിവർ സമീപം


  കൊല്ലം  കുരീപ്പുഴ ചണ്ടിഡിപ്പോയിൽ പുതിയ സംരംഭങ്ങളുടെ സാധ്യതതേടി സംസ്ഥാന സർക്കാർ. കൊല്ലം നഗരത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഐടി, വ്യവസായ കോറിഡോറുകളാണ്‌ സർക്കാരിന്റെ പരിഗണനയിലുള്ളത്‌. ഇതിന്റെ ഭാഗമായി ധനമന്ത്രി കെ എൻ ബാലഗോപാൽ ശനിയാഴ്‌ച ചണ്ടിഡിപ്പോയും പ്ലാന്റും സന്ദർശിച്ചു. കൊല്ലം വികസന പദ്ധതിയുടെ ഭാഗമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങളാണ്‌ സർക്കാർ പരിഗണിക്കുന്നതെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കുരീപ്പുഴ ചണ്ടിഡിപ്പോയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഐടി കോറിഡോറും വ്യവസായ കോറിഡോറും ആണ്‌ സർക്കാരിന്റെ പരിഗണനയിലുള്ളത്‌. ഇത്‌ കിഫ്‌ബിയും സംസ്ഥാന ബജറ്റിലും പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. കുരീപ്പുഴയിലെ കോർപറേഷന്റെ ഏഴേക്കർ ഭൂമിയാണ്‌ പദ്ധതിക്കായി പരിഗണിക്കുന്നത്‌. കോർപറേഷനുമായി സഹകരിച്ചാകും സർക്കാർ പദ്ധതി ആരംഭിക്കുന്നത്.  വിഴിഞ്ഞം തുറമുഖം വന്നതോടെ കൊല്ലത്തിന്റെ വികസനത്തിനും വലിയ സാധ്യതകളാണ്‌ തുറക്കപ്പെട്ടിരിക്കുന്നത്‌. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ വ്യവസായ യൂണിറ്റുകൾക്കും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾക്കും സാധ്യത ഏറെയുണ്ട്‌. ഇത്‌ പ്രയോജനപ്പെടുത്തും. കൊല്ലത്തിന്റെ ടൂറിസം വികസനത്തിനും മുന്നിലുള്ളത്‌ വിപുലമായ അവസരങ്ങളാണ്‌. കൊല്ലം നഗരത്തിൽ പുതിയ സംരംഭങ്ങൾ വരുന്നതിന്‌ സ്ഥലമില്ല. നഗരമധ്യത്തിൽ പാർവതി മില്ലിന്റെ സ്ഥലം വെറുതെകിടക്കുന്നു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും കേന്ദ്ര ടെക്‌സ്റ്റൈൽസ്‌ മന്ത്രാലയം നടപടി സ്വീകരിക്കുന്നില്ലെന്നും ബാലഗോപാൽ പറഞ്ഞു. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്‌, ഡപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷരായ എസ്‌ ജയൻ, യു പവിത്ര, കൗൺസിലർ ശ്രീലത, കോർപറേഷൻ സെക്രട്ടറി സാജു, സിപിഐ എം തിരുമുല്ലവാരം ലോക്കൽ സെക്രട്ടറി മുസ്‌തഫ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.  Read on deshabhimani.com

Related News