പ്രദർശന വിപണനമേളയിൽ വിൽപ്പന 15ലക്ഷം
കൊല്ലം ജില്ലാ പഞ്ചായത്ത് ഓണാഘോഷത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘സമൃദ്ധി 2024’- പ്രദർശന വിപണനമേളയിലും ഭക്ഷ്യമേളയിലും 15ലക്ഷം രൂപയുടെ വിൽപ്പന. ജില്ലാ വ്യവസായ കേന്ദ്രവും കുടുംബശ്രീ ജില്ലാ മിഷനും ചേർന്നാണ് ആറു മുതൽ 13വരെ മേള സംഘടിപ്പിച്ചത്. മേളയോട് അനുബന്ധിച്ച് വ്യത്യസ്തമായ രുചിവിഭവങ്ങളാണ് കുടുംബശ്രീയുടെ ഫുഡ്കോർട്ടിൽ വിളമ്പിയത്. ജില്ലയിലെ യൂണിറ്റുകൾക്ക് പുറമെ കോഴിക്കോട്, ഇടുക്കി ജില്ലയിലെ കഫേ യൂണിറ്റുകളും മേളയിൽ പങ്കെടുത്തു. ഫുഡ്‌കോർട്ടിൽ വിറ്റുവരവ് 2,48,760 രൂപയാണ്. കുടുംബശ്രീ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, നെറ്റിപ്പട്ടം, പഴയകാല മിഠായി, തേൻ ഉൽപ്പന്നങ്ങൾ, വിവിധതരം ഹെയർ ഓയിൽ, നാടൻ പലഹാരങ്ങൾ, ബയോഫർട്ടിലൈസർ എന്നീ സംരംഭകർ പങ്കെടുത്തു. പ്രദർശന മേളയിൽ സംരംഭകർക്ക് ലഭിച്ച വരുമാനം 1,96,546 രൂപയാണ്. പ്രദർശന വിപണന മേളയിൽ കുടുംബശ്രീയുടെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ യൂണിറ്റിനാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത്. ഇവിടെ കറി പൗഡർ, ധാന്യപ്പൊടികൾ, ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയവ ഒരുക്കിയിരുന്നു. ഇക്കുറി സ്റ്റാളുകളുടെ എണ്ണം കുറവായിരുന്നു–- 50 എണ്ണം. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷത്തേക്കാൾ വിറ്റുവരവ് ഇക്കുറി കുറവാണ്. Read on deshabhimani.com