ദേശീയപാതയിലെ കുണ്ടുംകുഴിയും യാത്രക്കാരെ വലയ്ക്കുന്നു
ചവറ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾക്ക് ഗതാഗത സൗകര്യമൊരുക്കിയിരിക്കുന്ന ഭാഗങ്ങളിലെ കുണ്ടുംകുഴികളും യാത്രക്കാരെ വലയ്ക്കുന്നു. കരുനാഗപ്പള്ളി മുതൽ ചവറവരെ വിവിധയിടങ്ങളിലാണ് റോഡ് തകർന്നു കിടക്കുന്നത്. റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിസമയങ്ങളിൽ ഇരുചക്ര വാഹനങ്ങൾ കുഴികളിൽവീണ് അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിലെ കുഴികളിലും തകർന്ന ഭാഗങ്ങളിലും വെള്ളംനിറഞ്ഞ് കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. പരാതികൾ ഉയരുമ്പോൾ കുഴികൾ നികത്താനുള്ള താൽക്കാലിക ശ്രമങ്ങൾ നടത്തുന്നെങ്കിലും ശാസ്ത്രീയമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വീണ്ടും കുഴികൾ രൂപപ്പെടുകയാണ്. താലൂക്കാശുപത്രിക്കു സമീപം, ടൗൺ ഭാഗം, കന്നേറ്റി, കുറ്റാമുക്ക് വടക്ക്, പോരൂക്കര, ഇടപ്പള്ളിക്കോട്ട, ടൈറ്റാനിയം ഫാക്ടറിക്ക് വടക്ക് എന്നിവിടങ്ങളിലൊക്കെ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ചില ഭാഗങ്ങളിൽ റോഡ് തകർന്ന് കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന പൊടിശല്യവും ഇരുചക്രവാഹനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തകർന്ന് കിടക്കുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകണം എന്നാവശ്യം ശക്തമാണ്. Read on deshabhimani.com