കുടുംബശ്രീ കൊയ്‌തത് 9755 കിലോ ജമന്തി
കൊല്ലം ജില്ലയിൽ വിവിധയിടങ്ങളിൽ ഓറഞ്ചും മഞ്ഞയും നിറങ്ങളിലായി വിരിഞ്ഞത് 9755.5 കിലോ ജമന്തിപ്പൂക്കൾ. ഇവ വിറ്റഴിച്ച് കുടുംബശ്രീ നേടിയ ലാഭം 7.96ലക്ഷം രൂപ. ഓണവിപണി പ്രതീക്ഷിച്ച് 93 ഏക്കറിൽ നട്ട ഹൈബ്രിഡ് ഇനത്തിലുള്ള ബന്ദിപ്പൂക്കളാണ് മികച്ച വിളവ് സമ്മാനിച്ചത്. 66 പഞ്ചായത്തുകളിലായി കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ കുടുംബശ്രീ കാർഷിക യൂണിറ്റുകളാണ് കൃഷിയിറക്കിയത്. സിഡിഎസ് നേതൃത്വത്തിൽ 478 സംഘക്കൃഷി ഗ്രൂപ്പുകളിലായി നടത്തിയ കൃഷിയിൽ 1711 വനിതകൾ പങ്കാളികളായി. കഴിഞ്ഞ 30വരെയുള്ള കണക്കനുസരിച്ച് ഓച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ വരുമാനം. 1860കിലോ പൂക്കൾ വിറ്റതിലൂടെ 2.01ലക്ഷം രൂപ ലഭിച്ചു. 28.3ഏക്കറിലുള്ള കൃഷിയിൽ 100സംഘക്കൃഷി ഗ്രൂപ്പുകളിലായി 450 വനിതകളാണ് ഇവിടെ കൃഷിയിലേർപ്പെട്ടത്. 1181 കിലോ പൂക്കൾവിറ്റ ചടയമംഗലം ബ്ലോക്കിലാണ് കൂടുതൽ പേർ കൃഷിയിടത്തിലിറങ്ങിയത്, 456 വനിതകൾ. 131 സംഘക്കൃഷി ഗ്രൂപ്പുകൾ 13.45ഏക്കറിൽ ഇറക്കിയ കൃഷിയിലൂടെ 82470 രൂപയാണ് നേടിയത്. കഴിഞ്ഞ വർഷംജില്ലയിൽ 43.75 ഏക്കറിൽ നടത്തിയ കൃഷി വൻ വിജയമായിരുന്നു. വിവിധ ബ്ലോക്കുകളിലായി 139 സംഘക്കൃഷി ഗ്രൂപ്പുകളായിരുന്നു കൃഷിയിൽ ഏർപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കുറി കൃഷി വ്യാപകമാക്കുകയായിരുന്നു. ജൂലൈ ആദ്യവാരമാണ് ആരംഭിച്ചത്. എല്ലാ ബ്ലോക്കിലും വിളവെടുപ്പും വിൽപ്പനയും ഇപ്പോഴും തുടരുകയാണ്. Read on deshabhimani.com