കൊട്ടാരക്കര ബ്ലോക്കിലെ ആദ്യ പഴസംസ്കരണ യൂണിറ്റ് വല്ലത്ത്
എഴുകോൺ പഴവർഗങ്ങൾ ആധുനിക രീതിയിൽ സംസ്കരിക്കുന്ന കൊട്ടാരക്കര ബ്ലോക്കിലെ ആദ്യ യൂണിറ്റ് നെടുവത്തൂർ വല്ലത്ത് പ്രവർത്തനം ആരംഭിച്ചു. നൂതനമായ ഡിഹൈഡ്രേറ്റർ മെഷീൻ ‘ജാക്കി ഫൈ' യൂണിറ്റാണ് സ്ഥാപിച്ചത്. ഔഷധഗുണവും പോഷകഗുണവും നഷ്ടപ്പെടാതെ കൂണും ചക്കയും മരച്ചീനിയും മറ്റ് പഴം, കിഴങ്ങുവർഗങ്ങളും ചുരുങ്ങിയ സമയത്തിൽ നിർജലീകരണം നടത്താൻ ജാക്കി ഫൈയിൽ കഴിയും. കൃഷിവകുപ്പിന്റെയും സംസ്ഥാന ഹോൾട്ടികൾച്ചർ മിഷന്റെയും നെടുവത്തൂർ കൃഷിഭവന്റെയും സഹായത്തോടെ വല്ലം സുന്ദരനാണ് ചെറുകിട വ്യവസായ സംരംഭം ആരംഭിച്ചത്. കർഷകർക്കും വ്യാപാരികൾക്കും സഹായമേകുന്ന നിലയിൽ കൂൺ, ചക്ക, മരച്ചീനി, മറ്റു പഴങ്ങൾ എന്നിവ സംസ്കരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ജാക്കി ഫൈ യൂണിറ്റ് നാടിനു സമർപ്പിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് അധ്യക്ഷനായി. സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ കൂൺ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കൂൺ പ്രിസർവേഷൻ യൂണിറ്റും പാക്കിങ് ഹൗസും നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി ഉദ്ഘാടനംചെയ്തു. നെടുവത്തൂർ കൃഷി ഓഫീസർ സാജൻ എസ് തോമസ് സ്വാഗതം പറഞ്ഞു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബി അനിൽകുമാർ, കൊട്ടാരക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മിനി, പഞ്ചായത്ത് അംഗങ്ങളായ എൽ എസ് സവിത, ആർ രാജശേഖരൻപിള്ള, എം സി രമണി, സംരംഭകൻ വല്ലം സുന്ദരൻ എന്നിവർ സംസാരിച്ചു. അനിൽ ജോസ്, വർഗീസ് പോൾ, പത്മിനി ശിവദാസ് എന്നിവർ ക്ലാസെടുത്തു. Read on deshabhimani.com