പൊതു ശുചിമുറികളുടെ ശുചിത്വ- സേവന നിലവാരം 
മെച്ചപ്പെടുത്തും: മന്ത്രി കെ എന്‍ ബാലഗോപാല്‍

ആധുനിക രീതിയിൽ നവീകരിച്ച കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ സുലഭ് കംഫർട്ട്സ്റ്റേഷന്‍ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര  പൊതു ശുചിമുറികളുടെ ശുചിത്വ–- -സേവന ഗുണനിലവാരം മെച്ചപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ പൊതുജന സൗഹൃദമാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ട്രാവലേഴ്‌സ് ഫെസിലിറ്റേഷൻ കോംപ്ലക്‌സിൽ ആധുനിക രീതിയിൽ നവീകരിച്ച സുലഭ് കംഫർട്ട് സ്റ്റേഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  യാത്രക്കാർ, പൊതുജനങ്ങൾ തുടങ്ങിയവരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് യാത്രാമധ്യേ ഉപയോഗിക്കാൻ വൃത്തിയുള്ള ശുചിമുറികൾ. കേരളത്തിന്റെ 10 ശതമാനം വരുമാനവും വിനോദസഞ്ചാര മേഖലയിൽ നിന്നാണെന്നാണ്‌ ഗ്രോസ് സ്റ്റേറ്റ് ഡോമെസ്റ്റിക് പ്രോഡക്ട്‌ കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശികൾ കൂടാതെ തദ്ദേശ സഞ്ചാരികളും ടൂറിസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. യാത്രാമധ്യേ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സൗകര്യം ഏർപ്പെടുത്തുക സർക്കാരിന്റെ മുൻഗണനാ വിഷയമാണ്. ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മേഖലയിലെ പ്രധാനികളുമായി ചർച്ചകളും നടത്തി. ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ സ്വാ​ഗതം പറഞ്ഞു.  സുലഭ് ഇന്റർനാഷണൽ കൺട്രോളർ അവിനാഷ് കുമാർ തിവാരി, ഡിപ്പോ എൻജിനിയർ എസ് ശ്രീകാന്ത്, അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ ബി അജിത് കുമാർ, സുലഭ് കോ–- ഓർഡിനേറ്റർ മിനി ബാബു തുടങ്ങിയവർ സംസാരിച്ചു.  41 സ്റ്റേഷനിൽ കംഫർട്ട് സ്റ്റേഷനുകൾ ആധുനിക രീതിയിൽ നവീകരിക്കാനുള്ള ചുമതലയാണ് സുലഭ് കമ്പനിയെ ഏൽപ്പിച്ചത്. ക്ലോക്ക് റൂം, വാട്ടർ ഫിൽറ്റർ  ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കും.  Read on deshabhimani.com

Related News