ഫാത്തിമ മാതാ കോളേജിൽ 
സർട്ടിഫിക്കറ്റ്‌ വിതരണം നാളെ



കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽനിന്ന് 2023–-24 വർഷത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ‌പൂർത്തിയാക്കിയ 650 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും വ്യാഴാഴ്‌ച വിതരണംചെയ്യും. രാവിലെ 10നു നടക്കുന്ന ചടങ്ങിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ആദ്യ വനിതാ വൈസ് ചാൻസലർ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് മെഡലുകൾ സമ്മാനിക്കുമെന്ന്‌ കോളേജ് മാനേജർ അഭിലാഷ് ഗ്രിഗറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊല്ലം ബിഷപ്‌ പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷനാകും.  പൂർവ വിദ്യാർഥി സുജിത് വിജയൻപിള്ള എംഎൽഎ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ലിനറ്റ് ജൂഡിത് മോറിസ്, കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. 1951-ൽ സ്ഥാപിതമായ ‌കോളേജിൽ ഇപ്പോൾ 17 ബിരുദവിഭാഗങ്ങളിലും 10 ബിരുദാനന്തരബിരുദ വിഭാഗങ്ങളിലുമായി മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നു. എട്ട്‌ റിസർച്ച് ഡിപ്പാർട്ട്‌മെന്റുകളുമുണ്ട്‌.  2014ൽ സ്വയംഭരണ പദവി ലഭ്യമായ കോളേജിൽ ഈ വർഷം മുതൽ നാലുവർഷ ബിരുദ കോഴ്സുകളും ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ സിന്ധ്യ കാതറിൻ മൈക്കിൾ, ഡോ. ബിജു മാത്യു, എസ്‌ സ്റ്റാൻലി, പ്രൊഫ. മനോജ്‌, പിആർഒ സജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News