‘സർക്കാർ ഒപ്പംനിന്നു, അന്നുതൊട്ടിന്നുവരെ’

കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച സാജൻ ജോർജിന് സർക്കാർ നൽകിയ ധനസഹായം അച്ഛൻ ജോർജ് പോത്തൻ അമ്മ വൽസമ്മയ്ക്ക് കൈമാറുന്നു


  കൊല്ലം ‘മകന്റെ മരണമറിഞ്ഞ നിമിഷം മുതൽ ഇതുവരെ എല്ലാ ഘട്ടത്തിലും സർക്കാർ ഒപ്പംനിന്നു. ഞങ്ങൾക്കു താങ്ങും തണലുമായി. ഞങ്ങളെപ്പോലുള്ളവർക്ക് എത്ര ആശ്വാസമാണിത്. എല്ലാത്തിനും നന്ദിയുണ്ട്‌.’ കുവൈത്ത്‌ ദുരന്തത്തിൽ മരിച്ച മകന്റെ ഓർമകൾ ഉള്ളിൽ പിടയുമ്പോഴും സാജൻ ജോർജിന്റെ അച്ഛൻ ജോർജിന്റെ വാക്കുകൾ മുറിഞ്ഞു.  വീട്ടിൽനിന്ന് ഇപ്പോൾ പുറത്തിറങ്ങാറില്ല. ദിനചര്യകൾ താളം തെറ്റി. ഒന്നിലും ശ്രദ്ധിക്കാനാകാത്ത അവസ്ഥ. ഒത്തിരിപ്പേർ ഒപ്പംനിൽക്കുന്നുണ്ടെന്ന തോന്നലാണ് കുറച്ചെങ്കിലും ആശ്വാസം നൽകുന്നത്. നിർണായകഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വലിയ ആശ്വാസമായി. മന്ത്രിമാരായ കെ എൻ ബാലഗോപാലും ചിഞ്ചുറാണിയും രണ്ടുതവണ വീട്ടിൽവന്നു. എല്ലാ സഹായങ്ങളും ഉറപ്പുനൽകി. കമ്പനി അധികൃതർ ഇടയ്‌ക്കിടെ ബന്ധപ്പെടുന്നുണ്ട്‌–- ജോർജ് പറഞ്ഞു. ഒപ്പമിരുന്ന ഭാര്യ വൽസമ്മയ്ക്ക് സങ്കടം നിയന്ത്രിക്കാനായില്ല. മകന്റെ ചിത്രത്തിൽ തുരുതുരെ ഉമ്മവച്ചും നെഞ്ചോട് ചേർത്തും അമ്മ വിതുമ്പി. പൊന്നുമോനെ, എനിക്ക് വയ്യാതെ വരികയാണ്. ഉറങ്ങാനാകുന്നില്ല. നീ ഇല്ലാത്ത ജീവിതം ഇനി എങ്ങനെ... സങ്കടത്തിനുമുന്നിൽ ജോർജിനും പിടിച്ചുനിൽക്കാനായില്ല. സാജൻ വില്ലയിൽ ഈ അച്ഛനും അമ്മയും മാത്രമാണ്‌ ഇപ്പോൾ താമസം. ഏക മകന്റെ വേർപാടിൽ തളർന്ന മനസ്സുമായി. Read on deshabhimani.com

Related News