ചുവരെഴുത്ത് മഹോത്സവത്തിനു തുടക്കം
അഞ്ചാലുംമൂട് നവകേരള സദസ്സിന്റെ പ്രചാരണം തരംഗമാക്കി ചുവരെഴുത്ത് മഹോത്സവത്തിനു തുടക്കമായി. നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചുവരെഴുത്ത് മണ്ഡലം സംഘാടക സമിതി ചെയർമാൻ എം മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ എത്തിച്ചേരുന്ന നവകേരള സദസ്സ് ഡിസംബർ 19ന് വൈകിട്ട് നാലിന് ഗവ.ബോയ്സ് എച്ച്എസ്എസ് ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്. പിണറായി സർക്കാർ നടപ്പാക്കിയതും നടപ്പാക്കാനിരിക്കുന്നതുമായ വികസന പ്രവർത്തനങ്ങള്‍ ചിത്രകാരനായ യു എം ബിന്നിയും കലാകേന്ദ്രം വൈസ് പ്രസിഡന്റ് സ്മിത എം ബാബുവും ചേർന്ന് നീരാവിൽ ജങ്നിലെ ചുവരിൽ ചാലിച്ചെഴുതി. ലൈഫ് പദ്ധതി വീട്, ദേശീയപാത വികസനം, ടൂറിസം, ജലമെട്രൊ കൂടാതെ വരാനിരിക്കുന്ന കെ –-റെയിൽ എന്നിവയാണ് ചിത്രത്തിന്റെ ഉള്ളടക്കം. മണ്ഡലത്തിലെ എല്ലാ വാർഡിലും ഒരു ചുവരിൽ നവകേരള സദസ്സിന്റെ സന്ദേശം നിറയും. കൊല്ലം മണ്ഡലം സംഘാടക സമിതി ഭാരവാഹികളായ അജയകുമാർ, വി കെ അനിരുദ്ധൻ, കെ ജി ബിജു, തൃക്കടവൂർ മേഖലാ സംഘാടക സമിതി ഭാരവാഹികളും കൗൺസിലർമാരുമായ ഗിരിജാതുളസി, സിന്ധുറാണി, മോഹൻബാബു, ജോൺഫിലിപ്, സിന്ധു സുഭാഷ്, കെഎസ്ടിഎ കൊല്ലം ഉപജില്ലാ പ്രസിഡന്റ് മനോജ് മുരളി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ, തൃക്കടവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അജീഷ് അശോകൻ, പ്രകാശ് കലാകേന്ദ്രം സെക്രട്ടറി ശ്രീരാജ് മോഹൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com