ടൂറിസം സാധ്യതകളുമായി ജില്ലാ കൃഷിത്തോട്ടം

കോട്ടുക്കൽ ജില്ലാ കൃഷി ഫാം


    അഞ്ചൽ  വ്യത്യസ്തമായ കൃഷിരീതികൾ പഠിക്കാനും ആസ്വദിക്കാനും താൽപ്പര്യമുള്ളവരാണോ നിങ്ങൾ. എന്നാൽ, അഞ്ചൽ കോട്ടുക്കലിലെ കൃഷിഫാമിൽ എത്തിയാൽ മതി. ചടയമംഗലം നിയോജകമണ്ഡലത്തിലെ ഇട്ടിവ പഞ്ചായത്തിലാണ് ജില്ലാ കൃഷിഫാം സ്ഥിതിചെയ്യുന്നത്‌. അഞ്ചൽ ടൗണുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ അഞ്ചൽ ജില്ലാ കൃഷിത്തോട്ടം എന്ന പേരിലാണ് അറിയപ്പെടുന്നത്‌. കൃഷിവകുപ്പ് 1971 ജൂണിലാണ് ഇത്തിക്കരയാറിന്റെ തീരത്തെ 140.54 ഹെക്ടർ ഭൂമിയിൽ കൃഷിഫാം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ വരുമാനം ലഭിക്കുന്ന തെങ്ങ്, കശുമാവ് എന്നീ വിളകൾ ശാസ്ത്രീയമായി തോട്ടം അടിസ്ഥാനത്തിൽ കൃഷിചെയ്തു. പിന്നീട് ഭക്ഷ്യസുരക്ഷയെ മുൻനിർത്തി മരച്ചീനി, കുറ്റിപ്പയർ, കിഴങ്ങുവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയും കൃഷിചെയ്തു. തെങ്ങ്, കശുമാവ്, കുരുമുളക്, ഫലവർഗങ്ങൾ, പച്ചക്കറി ഇനങ്ങൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ ഗുണമേന്മയുള്ള നടീൽ വസ്തുക്കളും വിത്തുകളും മിതമായ നിരക്കിൽ പൊതുജനങ്ങൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഫാം സ്ഥാപിച്ചത്‌. അതിനുവേണ്ടി വിവിധ വിളകളുടെ മാതൃകാതോട്ടങ്ങളും അനുബന്ധ നഴ്സറികളും സജ്ജീകരിച്ചിട്ടുണ്ട്.  1996ൽ ജില്ലാ പഞ്ചായത്തിന് ഫാം കൈമാറി. തുടർന്ന്‌ ഫാമിലെ വികസനപ്രവർത്തനങ്ങളുടെ തുക അനുവദിക്കുന്നത് ജില്ലാ പഞ്ചായത്താണ്. ഭൂവിസ്തൃതിയിൽ കേരളത്തിലെ മറ്റു ജില്ലാ ഫാമുകളേക്കാൾ വലുതാണ് അഞ്ചൽ കൃഷിത്തോട്ടം. ശാസ്ത്രീയമായ കൃഷിമുറകളും നൂതന സാങ്കേതികവിദ്യകളും ഇവിടെ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നുണ്ട്‌. ഇതിനായി വിദേശ ഫലവർഗങ്ങളുടെ പ്രദർശനത്തോട്ടം, സംയോജിത കൃഷിരീതി, വെർട്ടിക്കൽ ഫാമിങ്‌, പുനരുപയുക്ത മണ്ണില്ലാകൃഷി, തിരിനനക്കൃഷി രീതി, സൂക്ഷ്‌മ ജലസേചനം, പ്രിസിവിഷൻ ഫാമിങ്‌ യൂണിറ്റ്, വെർമി കമ്പോസ്റ്റ്‌ യൂണിറ്റ്‌, ഹൈഡ്രോപോണിക്സ് എക്കോളജിക്കൽ എൻജിനിയറിങ്‌ മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. ടിഷ്യു കൾച്ചറൽ ലാബ്, ഫലവർഗ യൂണിറ്റ്, വിത്തും തൈകളും, പഴം, പച്ചക്കറി, അലങ്കാരച്ചെടി എന്നിവയുടെ വിപണനകേന്ദ്രവും പ്രവർത്തിക്കുന്നു. ഫാം ടൂറിസത്തിന്റെ ഭാഗമായി ശലഭോദ്യാനം, നക്ഷത്രവനം, കൃത്രിമ ജലാശയം, ജലധാര, ലാൻഡ് സ്കേപ്പിങ്‌, കാർഷിക മ്യൂസിയം, ചിൽഡ്രൻസ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്‌. കാർഷികവിജ്ഞാന കേന്ദ്രമാക്കി ജില്ലാ കൃഷിത്തോട്ടത്തെ ഉയർത്തിയാൽ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ മറ്റ് തോട്ടങ്ങളും പ്രകൃതിമനോഹരമായ പ്രദേശങ്ങളും ഉൾപ്പെടുത്തി ടൂറിസം വികസനത്തിന് വളരെയധികം സാധ്യതയുള്ളതാണ്. Read on deshabhimani.com

Related News