മനസ്സ് നിറച്ച്‌ അച്ഛൻ അരങ്ങിൽ

കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച "അച്ഛൻ' എന്ന നാടകത്തിൽനിന്ന്‌


  കൊല്ലം ഓഡിറ്റോറിയത്തിന്റെ താഴത്തെ നിലയും ബാൽക്കണിയും നിറയെ  കാഴ്ചക്കാർ. വിതുമ്പലും നിശ്വാസങ്ങളും അനുകമ്പയുടെ ചുണ്ടനക്കങ്ങളുമായി രണ്ടുമണിക്കൂർ. അരണ്ടവെളിച്ചത്തിൽ നാടകം അവസാനിച്ച് കർട്ടൻ വീഴുന്ന നിമിഷം നിലയ്ക്കാത്ത കൈയടി. ശേഷം സ്നേഹത്താൽ മനം നിറഞ്ഞ് അഭിനേതാക്കളെയും പിന്നണി പ്രവർത്തകരെയും തേടി അഭിനന്ദന പ്രവാഹം. നാടകാചാര്യൻ ഒ മാധവന്റെ 100–-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച്‌ സോപാനം ഓഡിറ്റോറിയത്തിൽ അരങ്ങേറിയ "അച്ഛൻ' നാടകവേദിയാണ്‌ സ്ഥലം. ഒരു സാധാരണ കുടുംബത്തിലെ അച്ഛന്റെ ജീവിതമാണ്‌ കഥയുടെ ആത്മാവ്. "അച്ഛനൊരു നിശ്ശബ്ദ പോരാളി' എന്ന വാചകത്തോടെയാണ്‌ നാടകം പ്രേക്ഷകരിലേക്കെത്തിയത്. അച്ഛനും മകനും മരുമകളും മൂന്ന് കൊച്ചുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ വിവിധ സാഹചര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്‌. അച്ഛനായി സരസനും മകനായി ജീവൻ കണ്ണൂരും മരുമകളായി രാജിയും കൊച്ചുമക്കളായി അപർണ, ഷൈൻ, മുരുകേഷ് എന്നിവരും വേഷമിട്ടു. ഒ മാധവന്റെ ഭാര്യയും നടിയുമായ വിജയകുമാരി, മക്കളും അഭിനേതാക്കളുമായ എം മുകേഷ്‌ എംഎൽഎ, സന്ധ്യാരാജേന്ദ്രൻ, ചെറുമകൻ ദിവ്യദർശൻ ആർ ഏങ്ങൂർ എന്നിവരാണ്‌ നാടകം നിർമിച്ചത്‌. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 61–--ാമത് കലാസൃഷ്ടിയായ നാടകം സംവിധാനം ചെയ്‌തത്‌ ഒ മാധവന്റെ മരുമകനും നടനുമായ ഇ എ രാജേന്ദ്രനാണ്‌. ഫ്രാൻസിസ്‌ ടി മാവേലിക്കരയാണ്‌ രചന.  കൊല്ലം ഫാസ്, കൊല്ലം കല എന്നിവയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് ആറിനു നടന്ന ഒ മാധവൻ അനുസ്‌മരണ സമ്മേളനവും കലാപ്രതിഭകളെ ആദരിക്കലും അടൂർ പ്രകാശ്‌ എംപി ഉദ്‌ഘാടനംചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ആർട്ടിസ്റ്റ് സുജാതൻ, നാടക കലാകാരന്മാരായ വർമ അരീന, വക്കം ഷക്കീർ, ഗാനരചയിതാവ് ഷിബു പിരപ്പൻകോട്, അശോക് ശശി എന്നിവരെ  അനുമോദിച്ചു. മുൻ മന്ത്രി കെ ഇ ഇസ്മയിൽ അനുസ്‌മരണ പ്രഭാഷണം നടത്തി. ഡോ. പി കെ ഗോപൻ, കൊല്ലം മധു, ഡോ. പ്രതാപ്‌ കുമാർ, പ്രദീപ്‌ ആശ്രാമം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News