തുടയന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് എക്സലന്‍സ് അവാര്‍ഡ്
കടയ്ക്കൽ ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് ഇക്കുറിയും തുടയന്നൂർ സർവീസ് സഹകരണ ബാങ്ക് നേടി. 2022 -–-23 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ജില്ലയിൽ രണ്ടാം സ്ഥാനമാണ് ബാങ്കിന്. കഴിഞ്ഞവർഷവും എക്സലൻസ് അവാർഡ് ലഭിച്ചിരുന്നു. 25-ന് രാവിലെ 10ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണംചെയ്യും. പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടലും വികസന പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അവാർഡ്. 1967-ൽ സ്ഥാപിതമായ ബാങ്ക് ജില്ലയിലെ പ്രമുഖ സൂപ്പർ ഗ്രേഡ് ബാങ്കുകളിൽ ഒന്നാണ്. ഹരിതശ്രീ കാർഷിക വികസന പദ്ധതി, ചികിത്സാ ധനസഹായ പദ്ധതിയായ സാന്ത്വനം ജീവകാരുണ്യ നിധി, ഗ്രന്ഥശാലകൾ വഴി സഹകരണ വിദ്യാഭ്യാസ പരിപാടി, പ്രതിഭോത്സവം തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നു. നീതി സഹകരണ സൂപ്പർമാർക്കറ്റ്, നീതി മെഡിക്കൽസ്റ്റോർ, വളം ഡിപ്പോ, ജനസേവന കേന്ദ്രം എന്നിവ ബാങ്കിന്റെ നേതൃത്വത്തിൽ മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. എടിഎം അടക്കം എല്ലാവിധ ആധുനിക സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കാർഷികാടിസ്ഥാന വികസന നിധി പദ്ധതി പ്രകാരം രണ്ടുകോടി ചെലവഴിച്ച് കോക്കനട്ട് ഓയിൽ പ്രോസസിങ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. നേട്ടങ്ങളിലും പ്രതിസന്ധികളിലും ഒപ്പം നിൽക്കുന്ന സഹകാരികളാണ് ബാങ്കിന്റെ കരുത്തെന്നും അംഗീകാരങ്ങൾ അവർക്ക് സമർപ്പിക്കുന്നെന്നും പ്രസിഡന്റ് ജെ സി അനിലും സെക്രട്ടറി അനിത എസ് നായരും പറഞ്ഞു. Read on deshabhimani.com