നാടിന്റെ മുഖമായി കുടുംബശ്രീ
കൊല്ലം ഓണക്കാലത്ത് ഒരുക്കിയ വിപണനമേളയിൽ ജില്ലയിൽ കുടുംബശ്രീയുടെ ആകെ വിറ്റുവരവ് 2.6 കോടി രൂപ (2,09,65,140). 74 പഞ്ചായത്ത്, നഗര സിഡിഎസുകളിലായി 150 മേളകളാണ് നടന്നത്. 2023ലെ ഓണം വിറ്റുവരവ് 1.17 കോടി (1,17,29,783) ആണ്. ഈ വർഷം വിറ്റുവരവിൽ 92,35,357 (92.35 ലക്ഷം) രൂപയുടെ വർധനയാണ് ഉണ്ടായത്. കൂടാതെ ഓച്ചിറ ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ച കുടുംബശ്രീ ഹോം ഷോപ്പ് 12 ലക്ഷം രൂപയുടെ വിപണനവും നടത്തി. പുനലൂരിലെ കുടുംബശ്രീ ബസാറിലെ ഓണം വിറ്റുവരവ് 1,05,656 - രൂപ ആണ്. വ്യവസായ വകുപ്പ്, കുടുംബശ്രീ എന്നിവയെ സംയോജിച്ച് ജില്ലാ പഞ്ചായത്ത് ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച ജില്ലാതല വിപണനമേള-യിൽ കുടുംബശ്രീയുടെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ ഉദ്ഘാടനവും ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നിരുന്നു. 55,960 രൂപ ആണ് ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ സ്റ്റാളിൽ നിന്നുമാത്രം ലഭിച്ച വിറ്റുവരവ്. ഇപ്രകാരം ജില്ലയിൽ ഓണത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംരംഭകർക്ക് ലഭിച്ചത് 2,22,70,796 -(2.22 കോടി) ആണ്. മായമില്ലാത്തതും വിഷരഹിതവുമായ കുടുംബശ്രീ ബ്രാൻഡഡ്, മറ്റു ഉൽപ്പന്നങ്ങൾ എന്നിവക്ക് ജനങ്ങളുടെ സ്വീകാര്യത വർധിക്കുന്നു എന്നാണ് വിറ്റുവരവിൽ പ്രതിഫലിക്കുന്നതെന്ന് ജില്ലാമിഷൻ കോ–-ഓർഡിനേറ്റർ വിമൽചന്ദ്രൻ പറഞ്ഞു. വരുംദിവസങ്ങളിൽ ക്ലിഫ്‌റ്റ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംരംഭകരുടെ മികച്ച ഭക്ഷ്യ ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റഫോം ആയ pocket mart, flipcart, amazon എന്നി സൈറ്റുകളിൽകൂടി വിൽപ്പന നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. Read on deshabhimani.com