അക്ഷരലോകം ഇനി 
പ്ലാറ്റിനം ജൂബിലി തെളിമയിൽ

നീരാവിൽ നവോദയം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടത്തുന്ന ഒരുവർഷം നീളുന്ന ആഘോഷം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം സുഭാഷിണി അലി 
ഉദ്ഘാടനംചെയ്യുന്നു


കൊല്ലം നീരാവിൽ നവോദയം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷപരിപാടി സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനംചെയ്തു. കെ എസ് ബൈജു അധ്യക്ഷനായി. നീരാവിൽ ഒളിവിൽ പാർക്കവെ തെക്കൻ തിരുവിതാംകൂറിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സാരഥിയായിരുന്ന സി എസ് ഗോപാലപിള്ളയുടെ പ്രോത്സാഹനത്തിൽ ഒരുകൂട്ടം യുവാക്കൾ 75വർഷങ്ങൾക്കു മുമ്പ്‌ വാടക കടമുറിയിൽ രൂപീകരിച്ച ഗ്രന്ഥശാലയുടെ ആഘോഷവേളയിൽ നാടാകെ ഒഴുകിയെത്തി.  വൈദ്യകലാനിധി കെ പി കരുണാകരൻ വൈദ്യർ പ്രഥമ പ്രസിഡന്റും കെ സുലൈമാൻ സെക്രട്ടറിയുമായിരുന്ന അക്ഷരലോകത്തിന് ഇന്ന് 30,000ത്തിലേറെ പുസ്തകവും ബഹുനില  മന്ദിരവും ഓപ്പൺ എയർ ഓഡിറ്റോറിയവും സ്വന്തം. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ എം എ ബേബി കല്ലിടല്‍ നിർവഹിച്ച ബഹുനില മന്ദിരം നാടിന്‌ ഗാനഗന്ധർവൻ കെ ജെ യേശുദാസ്‌ സമർപ്പിച്ചതിനെയും ഓർത്തെടുത്തു പ്രായഭേദമെന്യേ വായനശാലയെ നെഞ്ചേറ്റിയ നാട്. പത്മവിഭൂഷൺ ഉസ്താദ് അലി അക്ബർഖാൻ ഗ്രന്ഥശാലാ രജതജൂബിലി ആഘോഷത്തിന്‌ എത്തിയിരുന്നതും ഉസ്താദിനെ ഗ്രാമസദസ്സിന് കഥാകുലപതി ടി പത്മനാഭൻ പരിചയപ്പെടുത്തിയതിനെയും കുറിച്ച്‌ ഇന്നലെയെന്ന പോലെ പൂർവകാല നേതൃത്വം സംസാരിച്ചു.  സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എസ് നാസർ, പ്രൊഫ. സി എ തോമസുകുട്ടി, കെ ബി മുരളീകൃഷ്ണൻ, ഡി സുകേശൻ, ഗിരിജാ സന്തോഷ്, സിന്ധുറാണി, വി ബിജു എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലയ്ക്ക് വേണ്ടി ബാദുഷയും അനുശ്രീയും ചേർന്ന് സുഭാഷിണി അലിക്ക് പുരസ്‌കാരം കൈമാറി. വൈക്കോൽ ചിത്രകാരൻ സുലൈമാൻ ഒരുക്കിയ സുഭാഷിണി അലിയുടെ ചിത്രവും സമ്മാനിച്ചു Read on deshabhimani.com

Related News