തുടിപ്പറിഞ്ഞ്‌

എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം എംപി സംസാരിക്കുന്നു


കൊല്ലം അഞ്ചാണ്ടുകളിൽ നാട് അനുഭവിച്ചറിഞ്ഞ നന്മകളെ നെഞ്ചേറ്റി പതിനായിരങ്ങൾ. അസാധ്യമായത് സാധ്യമാക്കി തീർത്ത സർക്കാരിന്റെ നൂറുദിന കർമ പദ്ധതികളുടെ ഗുണഭോക്താക്കൾ ഹൃദയാഭിവാദ്യമേകുന്നതിന്റെ നേർക്കാഴ്ച. വികസന വീഥികളിൽ ചുവന്ന പൂക്കൾ അർപ്പിച്ച് അവരെത്തി. പുതിയ കാലം ആവശ്യപ്പെടുന്ന തുടർ ഭരണ സ്വപ്നങ്ങൾക്ക് നാട് ഒത്തുചേർന്ന് കരുത്തുപകർന്നു. ഇത് എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് കൊല്ലത്തിന്റെ ഹൃദയമുദ്ര. കർഷക നന്മ വിളമ്പി 
കുന്നത്തൂർ കൊട്ടാരക്കരയിലാണ്‌ തുടക്കം നിശ്ചയിച്ചതെങ്കിലും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവന്റെ മരണത്തെ തുടർന്ന്‌ അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇവിടുത്തെ സ്വീകരണ പരിപാടി മാറ്റിവച്ചു. കുന്നത്തൂർ മണ്ഡലത്തിലായിരുന്നു പര്യടനത്തിന് തുടക്കം. ശാസ്താംകോട്ട ബസ് സ്റ്റാൻഡ് മൈതാനത്ത് ഒരുക്കിയ സ്വീകരണ കേന്ദ്രം നിറഞ്ഞ് റോഡും കടന്ന്  ജനസഞ്ചയം നിരന്നു. കടുത്ത ചൂടിലും മഹാമാരിക്കാലത്തെ നിയന്ത്രണങ്ങളിലും ചോരാത്ത ആവേശം പങ്കുവച്ചായിരുന്നു  ജാഥയുടെ വരവ്. നെടിയവിളയിൽ നിന്ന് ജാഥാ ക്യാപ്‌റ്റൻ ബിനോയ് വിശ്വത്തെയും അംഗങ്ങളെയും ബൈക്ക് റാലിയുടെ അകമ്പടിയോടെ വരവേറ്റു. കാർഷികാടിത്തറയുള്ള നാട്ടിൽ ഹരിത കേരളം വിപ്ലവം സൃഷ്ടിച്ചതിന്റെ ഉണർവ് സ്വീകരണത്തിൽ അനുഭവഭേദ്യമായി. യോഗത്തിൽ എം ശിവശങ്കരപ്പിള്ള അധ്യക്ഷനായി. ആർ എസ് അനിൽ സ്വാഗതംപറഞ്ഞു. കരുനാഗപ്പള്ളിയിൽ 
ജനസമുദ്രം ഉച്ചയ്ക്ക് ശേഷം കരുനാഗപ്പള്ളിയിൽ ചെങ്കടൽ ആർത്തിരമ്പി. സ്ത്രീകളും തൊഴിലാളികളുമടക്കം വൻ പുരുഷാരം ജാഥയെ വരവേറ്റു. വെട്ടിത്തിളങ്ങുന്ന നഗരറോഡുകളും ഉയരുന്ന പാലങ്ങളും വികസനത്തുടർച്ചയുടെ ആവശ്യകത ഉറപ്പിച്ചു. ബൈക്ക് റാലിയും കരിമരുന്നു പ്രയോഗവും ജാഥയ്ക്ക് ആവേശം പകർന്നു. യോഗത്തിൽ പി ആർ വസന്തൻ അധ്യക്ഷനായി. ആർ സോമൻപിള്ള സ്വാഗതം പറഞ്ഞു. കരിമണലിന്റെ നാട്ടിൽ 
കരുത്തോടെ കരിമണലിൽ പൊന്നുവിളയുന്ന ചവറയുടെ മണ്ണിൽ  ജാഥയ്ക്ക് ലഭിച്ചത് വികാരഭരിതമായ വരവേൽപ്പ്. വ്യാവസായിക മുന്നേറ്റവും  കർഷക സമൃദ്ധിയും യാഥാർഥ്യമാക്കിയ സർക്കാരിന്റെ തുടർഭരണ വഴിയിലേക്ക് നാനാ മേഖലകളിൽ നിന്ന് ഒഴുകിയെത്തിയ ജനസഹസ്രം കരുത്തു പകർന്നു. നെല്ലിനും പച്ചക്കറിക്കും താങ്ങുവില പ്രഖ്യാപിച്ച സർക്കാരിനോടുള്ള കടപ്പാട് വികാരവായ്പോടെ കർഷകർ പ്രകടമാക്കി. യോഗത്തിൽ ഐ ഷിഹാബ് അധ്യക്ഷനായി. ടി മനോഹരൻ സ്വാഗതം പറഞ്ഞു.   പൂരാവേശത്തിൽ കൊല്ലം സമാപന കേന്ദ്രമായ കൊല്ലത്തിന്റെ സായാഹ്നം മതനിരപേക്ഷതയുടെ സംഗമ ഭൂമിയായി ജാഥയെ വരവേറ്റു. കൊല്ലം,  ഇരവിപുരം മണ്ഡലങ്ങളിൽ നിന്ന് സമ്മേളന നഗരിയായ കന്റോൺമെന്റ്‌ മൈതാനിയിലെത്തിയ ജനസഹസ്രങ്ങൾ ജാഥയ്ക്ക്  ഹൃദയാഭിവാദ്യവേകി. സദസ്സിനെ കയ്യിലെടുത്ത് ജാഥാ ക്യാപ്റ്റന്റെ  പ്രസംഗം. സംഘപരിവാർ രാഷ്ട്രീയത്തെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനാണെന്ന് ഓർമിപ്പിച്ചും തകർച്ചയിലേക്ക് കുതിക്കുന്ന കോൺഗ്രസിന്റെ  ദയനീയത ചൂണ്ടിക്കാട്ടിയുമുള്ള വാക്കുകൾക്ക് നിറഞ്ഞ കൈയടി.  തീരദേശ ജനത നിറസാന്നിധ്യമറിയിച്ചു. ഇവരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന മുദ്രാവാക്യങ്ങളിൽ നല്ല നാളുകൾ തുടരേണ്ടതിന്റെ ആവശ്യകത മുഴങ്ങി. കേരളത്തിന്റെ നന്മ കെടുത്താൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് രണ്ടാംദിനം ജാഥ സമാപിച്ചത്. യോഗത്തിൽ അഡ്വ. എസ് ലാലു അധ്യക്ഷനായി. എക്സ് ഏണസ്റ്റ് സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റനെ കൂടാതെ എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, തോമസ് ചാഴിക്കാടൻ എംപി, സാബു ജോർജ്, വർക്കല ബി രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, അബ്ദുല്‍ വഹാബ്, ഡോ. ഷാജി കടമല, ജോർജ് അഗസ്റ്റിൻ എന്നീ ജാഥാഅംഗങ്ങൾ വിവിധ  സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ, കെ എൻ ബാലഗോപാൽ, എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, ആർ രാമചന്ദ്രൻ, എം മുകേഷ്, എം നൗഷാദ് , മുല്ലക്കര രത്നാകരൻ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, നോർക്കാ റൂട്സ് വൈസ് ചെയർമാൻ കെ വരദരാജൻ, എം എച്ച്‌ ഷാരിയർ, എൽഡിഎഫ് ജില്ലാ കൺവീനർ എൻ അനിരുദ്ധൻ, സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ, മേയർ പ്രസന്ന ഏണസ്റ്റ്, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി എന്നിവർ ജാഥയ്ക്ക് ഒപ്പം സഞ്ചരിച്ചു. എൽഡിഎഫ് ജില്ലാ നേതാക്കളായ വഴുതാനത്ത് ബാലചന്ദ്രൻ,  തൊടിയിൽ ലുക്മാൻ, അഡ്വ. എച്ച് രാജു, സൈനുദീൻ, എ ഷാജു, ആർ കെ ശശിധരൻപിള്ള, അഡ്വ. എൻ മോഹൻലാൽ, വേങ്ങയിൽ ഷംസുദീൻ, എസ് പ്രദീപ്കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.            എൽഡിഎഫിന്റേത്‌ കാലത്തിനൊപ്പം സഞ്ചരിക്കുന്ന വികസനം: ജോർജ്‌ അഗസ്റ്റിൻ ചവറ കാലത്തിനൊപ്പം സഞ്ചരിക്കുന്ന വികസനങ്ങളാണ് ഇടതുപക്ഷ സർക്കാർ നാട്ടിൽ നടപ്പാക്കിയതെന്ന് ജാഥാ അംഗം ജോർജ്‌ അഗസ്റ്റിൻ പറഞ്ഞു. കെ ഫോൺ പദ്ധതിയും ഹൈടെക് സ്കൂളും റോഡുകളും ഇതിന് ഉദാഹരണങ്ങളാണ്.  യുഡിഎഫ് പോലും കേരള വികസനം അംഗീകരിച്ചതിനാലാണ് കേരളം ഐശ്വര്യമാണെന്നു പറഞ്ഞ് ജാഥ നടത്തേണ്ടി വന്നത്. നേടിയ നേട്ടങ്ങൾ നിലനിർത്താനും പുതിയ നേട്ടങ്ങൾ നേടിയെടുക്കാനുമാണ് ഇടതുപക്ഷ സർക്കാർ പ്രവർത്തിക്കുന്നത്. നാട്ടിലാകെ പുതിയ പദ്ധതികൾ നടപ്പാക്കി. ലോകത്തിനു തന്നെ മാതൃകയായ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ രാജ്യത്തിനകത്തും പുറത്തുംനിന്ന്‌ കേരള സർക്കാർ നേടിയതായും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News