യുവതിയെയും മകനെയും ഇടിച്ചിട്ടു, 
എഎംവിയെ ആക്രമിച്ചു: യുവാവ് പിടിയിൽ



കൊല്ലം സ്കൂട്ടർ യാത്രക്കാരായ യുവതിയെയും മകനെയും ഇടിച്ചിടുകയും ബൈക്കുമായി രക്ഷപ്പെടുന്നത്‌ ത‍ടഞ്ഞ മോട്ടോർ വാഹനവകുപ്പ് ഉദ്യോ​ഗസ്ഥരെ ആക്രമിക്കുകയുംചെയ്‌ത യുവാവ്‌ പിടിയിൽ. പുന്തലത്താഴം സ്വദേശി സുൾഫി(19)യെയാണ്‌ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്‌. സുൾഫിയാണ്‌ ബൈക്ക്‌ ഓടിച്ചിരുന്നത്‌. ഒപ്പമുണ്ടായിരുന്നയാൾക്കായി അന്വേഷണം തുടരുകയാണ്‌. പരിക്കേറ്റ കൊല്ലം ആർടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി ജി ദിനൂപ്, ഡ്രൈവർ പോൾസൺ എന്നിവർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്‌ച ചെമ്മാന്‍മുക്കിനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. അയത്തിൽ മുതൽ രണ്ട് ബൈക്കിലായി സുൾഫി ഉൾപ്പെടെ നാലുപേർ മത്സരഓട്ടം നടത്തുകയായിരുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. മകനെ പരീക്ഷയ്ക്ക് കൊണ്ടുപോകുകയായിരുന്ന യുവതി ഓടിച്ച സ്കൂട്ടറിൽ ചെമ്മാന്‍മുക്കിനു സമീപം  ഇടതുവശത്തൂടെ മറികടന്നുവന്ന സുൾഫിയുടെ ബൈക്ക് ഇടിച്ചു. അമ്മയും മകനും റോഡിൽ വീണു. വാഹനപരിശോധന നടത്തുകയായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ രക്ഷിക്കാൻ ശ്രമിക്കവെ അപകടത്തിനിടയാക്കിയ ബൈക്കുമായി സുൾഫി രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് ഉദ്യോഗസ്ഥർ തടഞ്ഞു. സുള്‍ഫിയും കണ്ടാലറിയുന്ന പിറകിലിരുന്ന യാത്രക്കാരനും ചേർന്ന് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. ബൈക്ക് ഉപേക്ഷിച്ച് സുൾഫി സമീപത്തെ വീട്ടുമതിൽ ചാടിക്കടന്നും പിന്നിലിരുന്നയാൾ അതുവഴി വന്ന വേറൊരു ബൈക്കിലുമാണ് രക്ഷപ്പെട്ടത്. കൊല്ലം എസ്എൻ കോളേജിന്റെയും ഫാത്തിമാ കോളേജിന്റെയും പരിസരങ്ങളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി യുവാക്കളുടെ മരണപ്പാച്ചിൽ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. Read on deshabhimani.com

Related News