ക്രിസ്‌മസ്‌ ചന്തകളിൽ 
തിരക്കേറുന്നു

സിവിൽ സ്റ്റേഷനു സമീപമുള്ള കൺസ്യൂമർ ഫെഡ് ജില്ലാ വിപണിയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നയാൾ


കൊല്ലം പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ സബ്‌സിഡി ഉൽപ്പന്നങ്ങളടക്കം വിപണിയിലെത്തിയതോടെ സപ്ലൈകോ, കൺസ്യൂമർഫെഡ്‌ ക്രിസ്‌മസ്‌, പുതുവർഷ വിപണികളിൽ വൻതിരക്ക്‌. വൻപയർ, ഉഴുന്ന്‌, പഞ്ചസാര, ജയ അരി അടക്കമുള്ള 13ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ സപ്ലൈകോയിൽ  ലഭ്യമാക്കുന്നത്. മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 20 വരെ ശതമാനം വിലക്കുറവിലും ലഭിക്കും.  പ്രമുഖ കമ്പനികളുടെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറും ഉണ്ട്.  കൂടാതെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനംവരെ  വിലക്കുറവ്‌ നൽകുന്ന ഫ്ലാഷ് സെയിലും ഗുണഭോക്താക്കളെ  ഏറെ ആകർഷിക്കുന്നു. ദിവസവും പകൽ 2.30 മുതൽ വൈകിട്ട് നാലുവരെയുള്ള ഫ്ലാഷ് സെയിലിൽ സോപ്പ്‌, കറിപൗഡർ, അരിപ്പൊടി, ഡിഷ്‌വാഷ്‌ തുടങ്ങിയ ഇനങ്ങളാണ്‌ കുറഞ്ഞ നിരക്കിൽ ലഭിക്കുക. 30വരെയാണ്‌ ചന്തകൾ പ്രവർത്തിക്കുന്നത്. ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിന്റെ എല്ലാ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ക്രിസ്‌മസ്, -പുതുവർഷ വിപണി നടക്കുന്നുണ്ട്‌. ജില്ലയിൽ 26 ത്രിവേണി സ്റ്റോറുകൾ മുഖേനയാണ്‌ മേള.  ത്രിവേണികളിൽ  ദിനംപ്രതി ശരാശരി 11ലക്ഷം  രൂപയുടെ സബ്‌സിഡി സാധനങ്ങളാണ്‌ വിറ്റുപോകുന്നത്‌.  13 ഇനം നിത്യോപയോഗസാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് ഉൽപ്പന്നങ്ങൾ 10മുതൽ 40 ശതമാനം വരെ വിലക്കുറവിലും  ലഭിക്കും. ജനുവരി ഒന്നുവരെ വിപണി പ്രവർത്തിക്കും.  ഒരു ത്രിവേണി സ്റ്റോറിൽനിന്ന്‌ ഒരു ദിവസം 75 പേർക്കും ജില്ലാ വിപണിയായി പ്രവർത്തിക്കുന്ന കൊല്ലം സിവിൽ സ്റ്റേഷൻ ത്രിവേണിയിൽനിന്ന് 300പേർക്കും സാധനങ്ങൾ വിതരണംചെയ്യും. പൊതുവിപണിയിൽ വില കുതിച്ചുയരുന്ന സവാള, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, തേങ്ങ എന്നിവ ആശ്വാസവിലയ്ക്ക് കൺസ്യൂമർഫെഡ്‌ ചന്തകളിൽ ലഭ്യമാണ്‌. തേങ്ങ കിലോയ്‌ക്ക്‌ 68രൂപയാണ്‌. മുട്ട വിലയിലും കുറവുണ്ട്‌.  കൺസ്യൂമർഫെഡിന്റെ ക്രിസ്‌മസ്–- -പുതുവർഷ സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷനു സമീപമുള്ള ത്രിവേണി സൂപ്പർമാർക്കറ്റിൽ മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. കൺസ്യൂമർ ഫെഡ് ഡയറക്ടർ ജി ത്യാഗരാജൻ അധ്യക്ഷനായി. ജി ആർ മിനിമോൾ, ഐ ലൈലാമോൾ, കെ എസ് ബിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News