മലയോരം സുരക്ഷിതമാകും



കൊല്ലം വന്യജീവികളുടെ ആക്രമണങ്ങളിൽനിന്ന് തദ്ദേശവാസികളുടെ ജീവനും സ്വത്തിനും കാർഷിക വിളകൾക്കും സംരക്ഷണം ഒരുക്കാൻ വനംവകുപ്പ്‌ നടപടി. പുനലൂർ വനം ഡിവിഷനിലെ ആറ്‌ മലയോര മേഖലകളിൽ ആന പ്രതിരോധ കിടങ്ങും സൗരോർജ തൂക്കുവേലിയും നിർമിക്കും. ചണ്ണയ്ക്കാമൺ- –-തൊടീക്കണ്ടം, കടശേരി-–-മുക്കലംപാട്, മരുതിമൂട് –--പടിഞ്ഞാറെ വെള്ളംതെറ്റി, ചെമ്പ്രമൺ –-പുളിച്ചൽ, കടശേരി- –-പൂങ്കുളഞ്ഞി, കുറുന്തമൺ –-വലിയറപ്പച്ച എന്നിവിടങ്ങളിലെ വനാതിർത്തി പങ്കിടുന്ന പ്രദേശത്താണ്‌ സുരക്ഷാ മുന്നൊരുക്കങ്ങൾ സജ്ജീകരിക്കുന്നത്‌. നബാർഡ്‌ ട്രാഞ്ചെ–-29 പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന്‌ കിലോമീറ്റർ ദൂരത്തിൽ കിടങ്ങും, 14.20 കിലോമീറ്റർ സൗരോർജ തൂക്കുവേലിയുമാണ്‌ നിർമിക്കുന്നത്‌. കിടങ്ങിന്റെ മുകൾവശം രണ്ട്‌ മീറ്ററും മധ്യഭാഗം ഒന്നര മീറ്ററും താഴ്‌വശം ഒരു മീറ്ററുണ്‌.  സമീപകാലത്ത്‌ വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും നാശനഷ്ടങ്ങളുണ്ടാക്കുന്നതും സ്ഥിരമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ സുരക്ഷാനടപടി. മൂന്നുമാസംകൊണ്ട്‌ പദ്ധതി പൂർത്തിയാക്കാനാണ്‌ തീരുമാനം. നിർമാണം വ്യാഴം പകൽ മൂന്നിന്‌ അമ്പനാർ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ അങ്കണത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷനാകും. Read on deshabhimani.com

Related News