ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒരു വർഷത്തേക്ക് നീട്ടി



കൊല്ലം സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ സമയപരിധി ഒരു വർഷത്തേക്കു കൂടി നീട്ടി. 2021 മാർച്ച് 31വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സമയപരിധി 2023 ഡിസംബർ 31വരെ നീട്ടിയത്. കശുവണ്ടി ഫാക്ടറി ഉടമകളുടെ അഭ്യർഥനയെത്തുടർന്ന് മന്ത്രി പി രാജീവ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. നേരത്തെ 2020 മാർച്ച് 31വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകൾക്കായിരുന്നു ഇളവ്. ഈ തീരുമാനം പുനപരിശോധിച്ചാണ് 2021 മാർച്ച് 31വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകൾക്കും ഇളവ് ലഭ്യമാക്കാൻ തീരുമാനിച്ചത്. വിവിധ ബാങ്കുകളിൽ നിന്നായി രണ്ടുകോടി രൂപവരെ വായ്പയെടുത്ത വ്യവസായികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി മുതലിന്റെ അമ്പതു ശതമാനം തുക തിരിച്ചടച്ച് ബാധ്യത തീർക്കാൻ സാധിക്കും. രണ്ടുകോടി രൂപയ്ക്ക് മുകളിൽ വായ്പയെടുത്തവർ അറുപതു ശതമാനം തുക തിരിച്ചടച്ചാൽ മതി.  10 കോടി രൂപവരെയുള്ള വായ്പകളാണ് കഴിഞ്ഞതവണ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ 10 കോടിക്കു മുകളിലുള്ള വായ്പകളും ബോർഡിന്റെ അംഗീകാരത്തോടെ 60ശതമാനം തുക തിരിച്ചടച്ച് ബാധ്യത തീർക്കാമെന്ന് ബാങ്ക് പ്രതിനിധികൾ സമ്മതിച്ചു. അപേക്ഷിച്ച് മൂന്നു മാസത്തിനുള്ളിൽ നിശ്ചിത തുകയടച്ച് തീർപ്പാക്കണം. ആവശ്യമെങ്കിൽ മൂന്നുമാസത്തെ ഇളവുകൂടി അനുവദിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി 2022 ഡിസംബർ 31ൽനിന്ന് ഒരു വർഷം കൂടി നീട്ടിനൽകാനും തീരുമാനമായി. Read on deshabhimani.com

Related News