പ്രതീക്ഷയിൽ ഫ്ലോട്ടിങ് ഡ്രൈ ഡോക്കും
കൊല്ലം - തുറമുഖത്തിന്റെ വികസനത്തിന് വലിയ മുതൽക്കൂട്ടാവുന്ന പദ്ധതിയാണ് ഫ്ലോട്ടിങ് ഡ്രൈ ഡോക്ക്. അന്താരാഷ്ട്ര തുറമുഖം കൂടുതൽ സജീവമാകുന്നതോടെ വിഴിഞ്ഞത്ത് നങ്കൂരമിടുന്ന കപ്പലുകളുടെ എണ്ണവും വർധിക്കും. ആ കപ്പലുകൾക്ക് അറ്റകുറ്റപ്പണി ആവശ്യമായി വന്നാൽ കൊല്ലം തുറമുഖത്ത് എത്തിക്കാം. അതിനുള്ള സൗകര്യമാണ് ഫ്ലോട്ടിങ് ഡ്രൈ ഡോക്ക്. വിഴിഞ്ഞം തുറമുഖത്തോട് അടുത്തുകിടക്കുന്ന തുറമുഖമാണ് കൊല്ലമെന്നതാണ് പ്രത്യേകത. ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് സ്ഥാപിക്കുന്നത് തുറമുഖത്തിന്റെ വികസനത്തിനൊപ്പം അതുവഴി വലിയ വരുമാനവും കേരള മാരിടൈം ബോർഡിന് ഉറപ്പാക്കുകയും ചെയ്യാം. ഈ ലക്ഷ്യത്തോടെ ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് പദ്ധതിയുടെ ഡിപിആർ മാരിടൈം ബോർഡ് തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിക്കായി വേണ്ടിവരുന്ന ചെലവ് ഏകദേശം 130 കോടിരൂപയാണ്. കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയോ പിപിപി മോഡൽ മുഖേനയോ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വിഴിഞ്ഞം അനുകൂലം മദർ ഷിപ്പുകൾ അടുക്കുന്നതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറുമഖത്തിന്റെ പ്രത്യേകത. അത് കൊല്ലത്തിന് അനുകൂലമാക്കി മാറ്റണം. കൊല്ലം ജില്ലയിലും സമീപ പ്രദേശങ്ങളിലേക്കുമുള്ള സാധനസാമഗ്രികളും ഉൽപ്പന്നങ്ങളും അടങ്ങുന്ന കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തുനിന്ന് ചെറിയ കപ്പലുകൾ വഴി കൊല്ലം തുറമുഖത്ത് എത്തിക്കാം. മടക്കയാത്രയിൽ ഫീഡർ ഷിപ്പിലൂടെ ചരക്കുകൾ വിഴിഞ്ഞത്ത് എത്തിച്ച് വിദേശത്തേക്ക് കയറ്റി അയക്കാം. വിഴിഞ്ഞത്ത് എത്തുന്ന കപ്പലുകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ഇന്ധനം, വെള്ളം എന്നിവ നിറയ്‌ക്കാനും കൊല്ലം അനുയോജ്യമാണ്. മെഡിക്കൽ ടൂറിസം മെഡിക്കൽ ടൂറിസം രംഗത്ത് കേരളത്തിന് അനന്തസാധ്യകളാണ് കൊല്ലം തുറമുഖം തുറന്നിടുന്നത്. ചികിത്സ തേടി മറ്റു ദേശങ്ങളിലേക്കു നടത്തുന്ന യാത്രകളെയാണ് മെഡിക്കൽ ടൂറിസമെന്ന് വിശേഷിപ്പിക്കുന്നത്. ഈ വിധം വിദേശരാജ്യങ്ങളിലുള്ളവരെ കപ്പൽമാർഗം കൊല്ലത്ത് എത്തിച്ച് ഇവിടത്തെ ആയുർവേദ ആശുപത്രികളിൽനിന്നു മെച്ചപ്പെട്ട ചികിത്സ നൽകാനാകും. ഇത് രാജ്യത്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്നതിനൊപ്പം തുറമുഖത്തിന്റെ വരുമാനവും വർധിപ്പിക്കും. ഹെൽത്ത് ടൂറിസവുമായി സംയോജിച്ച് മുന്നേറുന്നതാണ് മെഡിക്കൽ ടൂറിസവും. കേരളത്തിൽ പന്ത്രണ്ടോളം ആശുപത്രികളിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സിഐഐ) മെഡിക്കൽ ടൂറിസം ആരംഭിച്ചിട്ടുണ്ട്. Read on deshabhimani.com