കിഴക്കേകല്ലടയിൽ 110കെവി സബ്‌സ്റ്റേഷൻ അനുവദിക്കണം



കൊല്ലം കിഴക്കേകല്ലടയിൽ 110കെവി വൈദ്യുതി സബ്‌സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തം. മൺറോതുരുത്ത്, കിഴക്കേകല്ലട പഞ്ചായത്തുകൾക്ക്‌ പുറമെ പവിത്രേശ്വരം, പേരയം, കുണ്ടറ പഞ്ചായത്തുകൾ ഭാഗികമായും ഉൾപ്പെട്ട കിഴക്കേല്ലട സെക്‌ഷനിൽ വൈദ്യുതി തടസ്സം രൂക്ഷമാണ്‌. കുണ്ടറ സബ്‌സ്റ്റേഷനിൽനിന്നുള്ള 11കെവി സപ്ലൈയാണ് ഇവിടെ ലഭിക്കുന്നത്‌. ഇതാവട്ടെ മറ്റു സെക്‌ഷന്‍ ഓഫീസ് പരിധിയിലൂടെ കടന്നുവരുന്നതിനാൽ വിതരണരംഗത്ത്‌ തടസ്സം കൂടുതലാണ്. ബാക്ക്ഫീഡിങ് സംവിധാനവും കുറവാണ്. സമീപത്തെ പുത്തൂർ, കടമ്പനാട് സബ്‌സ്റ്റേഷനുകളിൽനിന്ന് സപ്ലൈ കിട്ടാനും പ്രതിസന്ധി നേരിടുന്നു. ടൂറിസം മേഖലയായ മൺറോതുരുത്തിലേക്ക്‌ സപ്ലൈ നൽകുന്നത് കുണ്ടറ സബ് സ്റ്റേഷനിലെ മൺറോതുരുത്ത് ഫീഡറിൽനിന്നാണ്. സബ് സ്റ്റേഷനിൽനിന്ന് 15കി.മീറ്റർ കടന്ന് പേരയം വരമ്പുവരെ കല്ലട ഫീഡറായും രണ്ടുറോഡ് ജങ്‌ഷൻ മുതൽ ചിറ്റുമലവരെ പരുത്തുംപാറ ഫീഡറായും ഡബിൾ ഫീഡറായാണ് കല്ലടഭാഗത്ത്‌ എത്തുന്നത്. ഇതിൽ കല്ലട ഫീഡറിൽ 40 ട്രാൻസ്‌ഫോര്‍മറുമുണ്ട്. കുണ്ടറ സെക്‌ഷനിൽ അറ്റകുറ്റപ്പണി വന്നാൽ മൺറോതുരുത്ത് ഫീഡറും ഓഫാക്കേണ്ട സ്ഥിതിയാണ്‌.  മൺറോതുരുത്തിലേക്ക് ബാക്ക് ഫീഡിങ് സൗകര്യം ഉള്ളത് ശാസ്താംകോട്ട, പുത്തൂർ സബ് സ്റ്റേഷനുകളിൽനിന്നാണ്. ബാക്ക് ഫീഡ് ചെയ്യുന്നതിന് കാലതാമസവും നേരിടും. ഈ സെക്‌ഷനുകളിൽ ഉണ്ടാകുന്ന തകരാറുകളും അറ്റകുറ്റപ്പണികളും മൺറോതുരുത്തിനെ ഇരുട്ടിലാക്കുന്നു. കാറ്റും മഴയുമുള്ള സാഹചര്യത്തിൽ വൈദ്യുതി ബന്ധം നിലച്ചാൽ പുനഃസ്ഥാപിക്കാൻ കാലതാമസം നേരിടുന്നത്‌ പതിവാണ്‌. ഈ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരമായി സബ്‌സ്റ്റേഷനുവേണ്ടി ഏറ്റെടുത്തിട്ടുള്ള സ്ഥലത്ത്‌ എത്രയുംവേഗം നിർമാണം ആരംഭിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. Read on deshabhimani.com

Related News