കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി
കൊട്ടാരക്കര കൊട്ടാരക്കര പൊലീസ് സ്റ്റേഷനു വേണ്ടി പുതുതായി നിർമിച്ച ബഹുനിലമന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. ഗവ. ഗേൾസ് ഹൈസ്കൂളിനു സമീപം പൊലീസ് വകുപ്പിന്റെ അധീനതയിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് 2.5 കോടി ചെലവിൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. കൂടാതെ ഇതേ സ്ഥലത്ത് ഒരു കോടി ചെലവിൽ നിർമിക്കുന്ന കൊല്ലം റൂറൽ പൊലീസ് ട്രയ്നിങ് സെന്റർ, 75ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന റൂറൽ പൊലീസ് വനിതാ സെൽ എന്നിവയുടെ നിർമാണവും അന്തിമഘട്ടത്തിലാണ്. ആധുനിക സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന പൊലീസ് സ്റ്റേഷൻ മന്ദിരത്തിൽ ഹൈടെക് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 7750 ചതുരശ്ര അടി വിസ്തീർണത്തിലുയർന്ന മൂന്നു നിലകളിലായുള്ള കെട്ടിടത്തിലെ താഴത്തെ നിലയിൽ റിസപ്ഷൻ, ലോബി ഏരിയ, സ്റ്റേഷൻ ഹൗസ് ഓഫീസർ, റൈറ്റർ എന്നിവർക്കുള്ള മുറികൾ, പൊലീസ് സേനയുടെ ആയുധം സൂക്ഷിക്കുന്നതിനുള്ള മുറി, ക്രമസമാധാന ചുമതലയുള്ള സബ് ഇൻസ്പെക്ടറുടെ മുറി, ലോക്കപ്പ്, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്കുള്ള ശുചിമുറികൾ എന്നിവയും ഒന്നാം നിലയിൽ സബ് ഇൻസ്പെക്ടറുടെ മുറി, തൊണ്ടി, റെക്കോഡ് റൂം, ശുചിമുറികൾ എന്നിവയും രണ്ടാം നിലയിൽ കോൺഫറൻസ് ഹാൾ, റിക്രിയേഷൻ റൂം, പുരുഷ–-വനിതാ പൊലീസുകാരുടെ വിശ്രമമുറി, അടുക്കള, ഡൈനിങ് ഹാൾ, പ്രത്യേകം ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശിശു, സ്ത്രീ സൗഹൃദ സംവിധാനങ്ങൾ, ഗാർഡനിങ്, പാർക്കിങ് സൗകര്യം എന്നിവയും പുതിയ സ്റ്റേഷനിലുണ്ട്. കസ്റ്റഡി വാഹനങ്ങളും മറ്റ് സാധനങ്ങളും സൂക്ഷിക്കാനും പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷനായിരുന്നു നിർമാണച്ചുമതല. Read on deshabhimani.com