ഡിസംബര്‍ 2 മുതല്‍ പരാതി നൽകാം



കൊല്ലം പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ‘കരുതലും കൈത്താങ്ങും' താലൂക്ക് അദാലത്ത് ജില്ലയിൽ ഡിസംബർ 19 മുതൽ 26വരെ നടക്കും. പരാതി സമർപ്പിക്കാനുള്ള പോർട്ടൽ വ്യാഴാഴ്‌ച പ്രവർത്തനം ആരംഭിക്കും. ഡിസംബർ രണ്ടുമുതൽ www.karuthal.kerala.gov.in മുഖേന ഓൺലൈനായി അക്ഷയ സെന്റർ വഴിയോ അല്ലാതെയോ പരാതികൾ സമർപ്പിക്കാം. ഒരു വ്യക്തിക്ക് മൂന്നു പരാതിവരെ സമർപ്പിക്കാം. 19ന് കൊല്ലം, 20ന് കൊട്ടാരക്കര, 21ന് കരുനാഗപ്പള്ളി, 23ന് കുന്നത്തൂർ, 24ന് പത്തനാപുരം, 26ന് പുനലൂർ എന്നീ താലൂക്കുകളിലാണ് അദാലത്ത് നടക്കുക. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകും. കലക്ടറേറ്റ് കേന്ദ്രമായി ജില്ലാതല അദാലത്ത് മോണിറ്ററിങ്‌ സെൽ, എല്ലാ വകുപ്പുകളിലെയും ജില്ലാ ഓഫീസർ കൺവീനറായി ജില്ലാ അദാലത്ത് സെൽ, ഡെപ്യൂട്ടി കലക്ടർ കൺവീനറായി താലൂക്ക് അദാലത്ത് സെൽ എന്നിവ രൂപീകരിച്ചിട്ടുണ്ട്. പരാതികൾ സമയബന്ധിതമായി പരിഹരിക്കാനായി ഉദ്യോഗസ്ഥതലത്തിൽ പരിശീലനം സംഘടിപ്പിച്ചു. അക്ഷയ ജീവനക്കാർക്കും പരിശീലനം നൽകും. അദാലത്ത് നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ പരാതി പരിഹാരത്തിനായി എത്തുന്ന പൊതുജനങ്ങൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് കലക്ടർ എൻ ദേവിദാസ് അറിയിച്ചു. ജി നിർമൽ കുമാർ, നിഷാന്ത് സിഹാര, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ •ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും) •സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ • കെട്ടിട നിർമാണച്ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി) • വയോജന സംരക്ഷണം •പട്ടികജാതി–--പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ • മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടവ • ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ • പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം • പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും • റേഷൻകാർഡ് (എപിഎൽ, ബിപിഎൽ) (ചികിത്സാ ആവശ്യങ്ങൾക്ക്) • കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ • വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ •ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ • വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി •ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ •വന്യജീവി ആക്രമണങ്ങളിൽനിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം • വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/ അപേക്ഷകൾ • തണ്ണീർത്തട സംരക്ഷണം •അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത് •എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ • പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം പരിഗണിക്കാത്തവ •നിർദേശങ്ങൾ, അഭിപ്രായങ്ങൾ • ലൈഫ് മിഷൻ •ജോലിആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പിഎസ്‌സി സംബന്ധമായ വിഷയങ്ങൾ • വായ്പ എഴുതിത്തള്ളൽ • പൊലീസ് കേസുകൾ •ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം) • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായത്തിനായുള്ള അപേക്ഷ • സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ (ചികിത്സാ സഹായം ഉൾപ്പെടെ) • ജീവനക്കാര്യം (സർക്കാർ) • റവന്യു റിക്കവറി -വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും Read on deshabhimani.com

Related News