സൂരജിനെ പൊളിച്ചടുക്കി പൊലീസ്‌ മികവ്‌



കൊല്ലം പാമ്പുകടിയേറ്റുള്ള മരണം മാത്രമായി എഴുതിത്തള്ളുമായിരുന്ന ഉത്രയുടെ മരണം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പൊലീസിന്റെ അന്വേഷണ വഴിയിൽ മറ്റൊരു തിളക്കമാർന്ന നേട്ടമായി ഇത്‌. പരാതി ലഭിച്ച്‌ നാലാംദിവസം  പ്രതികളെ പിടികൂടാനായി.  മകളുടെ  മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മെയ്‌ 18നാണ്‌ അച്ഛൻ വിജയസേനൻ റൂറൽ ജില്ലാ പൊലീസ്‌ മേധാവി എസ്‌ ഹരിശങ്കറിന്‌ പരാതി നൽകിയത്. സൂരജ്‌ സ്ഥിരമായി പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ ഗൂഗിളിൽ തിരഞ്ഞിരുന്നു എന്നു വ്യക്തമായതോടെ അന്വേഷണം സൂരജിൽ കേന്ദ്രീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌‌പി എ അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സാഹചര്യത്തെളിവുകളെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു.  സൂരജിനെ ആദ്യം ചോദ്യംചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചിരുന്നില്ല. വന്യജീവികളോട് വെറുപ്പാണെന്നായിരുന്നു ആദ്യമൊഴി. പാമ്പുപിടിത്തക്കാരൻ സുരേഷുമായി പൊലീസ് എത്തിയപ്പോൾ വീണ്ടും മൊഴിമാറ്റി. മാർച്ച്‌ രണ്ടിന്‌ രാത്രി 12.45ന്‌ ഉത്രയ്‌ക്ക്‌ പാമ്പ്‌ കടിയേറ്റെന്ന്‌ നൽകിയ മൊഴിയും ചോദ്യം ചെയ്യലിൽ തിരുത്തേണ്ടി വന്നു.  എങ്കിൽ ആശുപത്രിയിൽ എത്തിക്കാൻ പുലർച്ചെ മൂന്നരവരെ എന്തിന്‌ കാത്തുവെന്നതിന്‌‌ മറുപടി ഉണ്ടായില്ല. 15 മിനിറ്റുകൊണ്ട്‌ നടന്നെത്താവുന്ന സ്ഥലമാണിത്‌. പിന്നീട്‌ ഉത്രയുടെ സഹോദരന്‌ പങ്കുണ്ടെന്ന്‌ ആരോപിച്ചു. അതും പൊളിഞ്ഞു.സൈബർ വിദഗ്ധനെ കൂടി അന്വേഷക സംഘത്തിൽ ഉൾപ്പെടുത്തി. പ്രതിയുടെ യുട്യൂബ് ചാനലും ഗൂഗിൾ അക്കൗണ്ടുകളും നിരീക്ഷിച്ചു.  പൊലീസ് തനിക്കുനേരെ തിരിഞ്ഞതോടെ അഭിഭാഷകന്റെ  സഹായം സൂരജ്‌ തേടിയിരുന്നു. ഇയാളുടെ  നിർദേശപ്രകാരമാണ്‌ ആദ്യം കുറ്റം ഏൽക്കാതിരുന്നത്‌. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സംരക്ഷണയിൽ പലയിടത്തായി ഒളിവിൽ കഴിഞ്ഞു. ഒരു രാത്രി മുഴുവൻ പൊലീസിനെ വട്ടംചുറ്റിച്ച പ്രതിയെ പുലർച്ചെ നാലിന് സഹോദരിയുടെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് പിടികൂടിയത്. പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ തന്നെ സഹോദരി പ്രതിയെ അറിയിച്ചിരുന്നു. വാട്സാപ്, ബോട്ടിം തുടങ്ങിയ  സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് വിവരം  കൈമാറിയത്.  ഇന്റർനെറ്റ് കോളും ഉപയോഗിച്ചു. പ്രതിയെ സഹായിച്ച ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൊലപാതകത്തിലുള്ള പങ്ക് പൊലീസ് അന്വേഷിച്ചു വരികയാണ്.  ഗ്രേഡ്‌ എസ്‌ഐമാരായ എ അബ്ദു‌ൽ സലാം, ആർ മുരുകൻ, ആർ ശിവശങ്കരപ്പിള്ള, സജി ജോൺ, അജയകുമാർ, രാധാകൃഷ്‌ണപിള്ള, ‌‌ഗ്രേഡ്‌ എഎസ്‌ഐമാരായ ആഷിർകോഹൂർ, സി മനോജ്‌കുമാർ, നിക്‌സൺ ചാൾസ്‌, സിപിഒമാരായ മഹേഷ്‌മോഹൻ, അഖിൽപ്രസാദ്‌, എസ്‌ സജിന എന്നിവരടങ്ങുന്നതാണ്‌ അന്വേഷകസംഘം. Read on deshabhimani.com

Related News