ആഭ്യന്തര സഞ്ചാരിയൊഴുക്കിൽ ജില്ല

കുര്യോട്ടുമല


  കൊല്ലം ആഭ്യന്തര സഞ്ചാരികളെ ആകർഷിച്ച്‌ ജില്ലയുടെ വിനോദകേന്ദ്രങ്ങൾ. കൂടുതൽ പ്രിയം മലയും അരുവിയും തോട്ടങ്ങളും നിറഞ്ഞ കിഴക്കൻ മേഖല. പൈതൽമലയിൽനിന്ന് ഉത്ഭവിക്കുന്ന മനോഹര വെള്ളച്ചാട്ടമായ കുംഭാവുരുട്ടിയും ഫാം ടൂറിസത്തിൽ രാജ്യശ്രദ്ധ നേടിയ കുര്യോട്ടുമലയുമാണ്‌ ഇതിൽ പ്രധാനം. കുംഭത്തിന്റെ ആകൃതിയിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന പാറക്കെട്ടുകളും അവയിലൂടെ 250 അടി താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ കുളിരും ആസ്വദിക്കാൻ ഓണാവധിക്കെത്തിയത്‌ ആയിരങ്ങൾ.  അച്ചൻകോവിൽ-–- ചെങ്കോട്ട പാതയിൽ കൊടുംവനത്തിനുള്ളിലെ വെള്ളച്ചാട്ടവും ഇക്കോ സെന്ററും ഉൾപ്പെട്ടതാണ് കേന്ദ്രം. കാൽനടയായി നാലുകിലോമീറ്റർ നടന്നെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ജലപാതവും ഇവിടെയുണ്ട്‌. അച്ചൻകോവിലാറിന്റെ കൈവഴിയും പുലിക്കവല, കാനയാർ തുടങ്ങിയ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും ചേർന്നാണ് കുംഭാവുരുട്ടിയിലേക്ക് വെള്ളം എത്തുന്നത്.  തിരക്കാലും പ്രത്യേകതകളാലും സമ്പന്നമായ കുര്യോട്ടുമലയെ ടൂറിസം ഹബ്ബെന്ന്‌ വിശേഷിപ്പിക്കാനാകും. മത്സ്യക്കൃഷി നടത്തുന്ന ബയോഫ്ളോക്കുകൾ, 50ഏക്കർ പുൽക്കൃഷി, എഴുന്നൂറോളം പശുക്കൾ, മുന്നോറോളം ആടുകൾ, നൂറോളം കോഴികൾ, മുയലുകൾ, പച്ചക്കറിക്കൃഷി, ശലഭ പാർക്ക് എന്നിവ ഉൾപ്പെടെ കാണാനെത്തുന്നവർ നിരവധി. പാലും നെയ്യും മണ്ണിര കമ്പോസ്റ്റ് ഉൾപ്പെടെ ഇരുപതോളം ഉല്‍പ്പന്നങ്ങൾ നിലവിൽ ഫാമിൽനിന്ന് വിപണിയിൽ എത്തിക്കുന്നു.  തൊഴിലവസരങ്ങളും ടൂറിസം വളർച്ചയും ലക്ഷ്യമിട്ട്‌ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ജനകീയാസൂത്രണ രജതജൂബിലി സ്മാരക നിർമാണം തുടങ്ങി. ഭൂമിയുടെ ചരിവ് നിലനിർത്തിക്കൊണ്ടുതന്നെ പരിസ്ഥിതി സൗഹാർദപരമായ നിർമാണ രീതിയാണ്‌ ഇതിനായി അവലംബിക്കുന്നത്‌. സന്ദർശകർക്ക് താമസിക്കാനായുള്ള പരിമിതമായ ചുറ്റുപാടെന്ന വെല്ലുവിളി മറികടക്കാനാകുമെന്നും ദേശീയതല ക്യാമ്പുകൾ പലതും കുര്യോട്ടുമലയ്ക്ക്‌ എത്തുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ. മിനി ഓഡിറ്റോറിയം, ഡോർമെറ്ററികളും സ്യൂട്ട്റൂമുകളും ഉൾപ്പെടെയുള്ള ഹോസ്റ്റൽ സൗകര്യം, നൂറിനടുത്ത്‌ വണ്ടികൾക്കായുള്ള പാർക്കിങ്‌ സൗകര്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. Read on deshabhimani.com

Related News