ട്രെയിനുകൾക്ക് വേഗമേറും
കൊല്ലം കൊല്ലം -–-പുനലൂർ- –-ചെന്നൈ പാതയിൽ ട്രെയിനുകളുടെ വേഗത കൂടുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. ഇതിന്റെ ഭാഗമായി പുനലൂർ- –-കൊല്ലം സെക്‌ഷനിലും തമിഴ്നാട്ടിലെ ഭഗവതിപുരം –--ചെങ്കോട്ട- –-തെങ്കാശി സെക്‌ഷനിലും ട്രെയിനിന്റെ വേഗപരിശോധന നടത്തി. ട്രാക്ക് പരിശോധനയ്ക്കായി നിശ്ചിത ഇടവേളകളിൽ നടക്കുന്ന ഓസിലേഷൻ മോണിറ്ററിങ് സംവിധാനത്തിന് (ഒഎംഎസ്)ഒപ്പമായിരുന്നു ഇത്. പരിശോധന തൃപ്തികരമായാൽ പാതയിൽ യാത്രാവണ്ടികളുടെ വേഗംകൂട്ടും. മധുര ഡിവിഷന്റെ അഡീഷണൽ മാനേജർ (എഡിആർഎം)എൽ നാഗേശ്വരറാവുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 45കിലോമീറ്റർ നീളുന്ന കൊല്ലം- –-പുനലൂർ സെക്‌ഷനിൽ മണിക്കൂറിൽ 90കിലോമീറ്റർ വേഗത്തിലും 14കിലോമീറ്റർ നീളുന്ന ഭഗവതിപുരം -–-ചെങ്കോട്ട–--തെങ്കാശി സെക്‌ഷനിൽ 100കിലോമീറ്റർ വേഗത്തിലുമാണ് പരീക്ഷണയോട്ടം നടത്തിയത്. നിലവിൽ 70 കിലോമീറ്റർ വേഗത്തിൽ വണ്ടിയോടുന്ന കൊല്ലം-–-പുനലൂർ സെക്‌ഷനിൽ വേഗത 80-–-85 കിലോമീറ്ററായും 60 കിലോമീറ്റർ വേഗത്തിൽ വണ്ടിയോടുന്ന ഭഗവതിപുരം-–-ചെങ്കോട്ട–--തെങ്കാശി സെക്‌ഷനിൽ വേഗത 90 കിലോമീറ്ററായും വർധിച്ചേക്കും. എന്നാൽ, 43 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ –--ഭഗവതിപുരം സെക്‌ഷനിൽ തൽക്കാലം വേഗം വർധിപ്പിക്കില്ല. 10 ഡിഗ്രിവരെ വളവും വലിയ കയറ്റങ്ങളും പാലങ്ങളും തുരങ്കങ്ങളും നിറഞ്ഞ ഈ സെക്‌ഷനിൽ നിലവിൽ ബാങ്കർ എൻജിന്റെ കൂടി സഹായത്തോടെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. ഈ സെക്‌ഷനിൽ വേഗംകൂട്ടാൻ വളവുകൾ നിവർത്തേണ്ടിവരും. പൂർണമായും വൈദ്യുതീകരിച്ച പാതയിൽ വേഗം വർധിപ്പിക്കുന്നതോടൊപ്പം കൂടുതൽ സർവീസും ആരംഭിക്കാനായാൽ 761 കിലോമീറ്റർ നീളുന്ന കൊല്ലം- –-ചെന്നൈ പാത ദക്ഷിണമേഖലയിലെ തന്നെ ഏറ്റവും തിരക്കുള്ള പാതകളിലൊന്നായി മാറും. Read on deshabhimani.com