ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ചയം യാഥാർഥ്യമാകുന്നു
കൊല്ലം കോടതികളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ചയം എന്ന നാടിന്റെ സ്വപ്‌നം യാഥാർഥ്യമാകുന്നു. 80 കോടി രൂപ ചെലവിൽ നാലുനിലയിലായി നിർമിക്കുന്ന കോടതി സമുച്ചയത്തിന് സിവിൽ സ്റ്റേഷനു പടിഞ്ഞാറുവശത്തായി 30നു തറക്കല്ലിടും. പകൽ മൂന്നിന് സമ്മേളനവും പുറ്റിംഗൽ കേസ് വിചാരണക്കോടതി ഉദ്‌ഘാടനവും ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം കേരള ഹൈക്കോടതി ജഡ്‌ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കും. പ്രിൻസിപ്പൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജ് പി എൻ വിനോദ് അധ്യക്ഷനാകും. മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ ബി ഗണേഷ്‌കുമാർ, മേയർ പ്രസന്ന ഏണസ്റ്റ്, എൻ കെ പ്രേമചന്ദ്രൻ എംപി, എം മുകേഷ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന സർക്കാർ, ഹൈക്കോടതി, ജില്ലാ ജുഡീഷ്യറി, അഭിഭാഷകർ എന്നിവരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് കോടതി സമുച്ചയം. ജില്ലയിൽനിന്നുള്ള കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രത്യേകം മുൻകൈയെടുത്തിരുന്നു. കൊല്ലം ബാർ അസോസിയേഷന്റെയും എം മുകേഷ് എംഎൽഎയുടെയും തുടർച്ചയായ ഇടപെടലും ഫലംകണ്ടു. സിവിൽ സ്റ്റേഷനു സമീപത്ത് എൻജിഒ ക്വാർട്ടേഴ്‌സ് നിന്നിരുന്ന സ്ഥലത്താണ് കോടതി സമുച്ചയം നിർമിക്കുന്നത്. നിലവിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇരുപതോളം കോടതികളാണ് നിർമാണം പൂർത്തിയാകുന്നതോടെ ഇങ്ങോട്ട് മാറുക. Read on deshabhimani.com