ഉദ്യോഗാർഥിക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ
കരുനാഗപ്പള്ളി പിഎസ്‌സി പരീക്ഷ കഴിഞ്ഞ് മടങ്ങിവരവെ ബസില്‍ കുഴഞ്ഞുവീണ ഉദ്യോഗാര്‍ഥിക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. പിഎസ്‌സി പരീക്ഷയുടെ തിരക്ക് പരിഗണിച്ച് ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്ക് പ്രത്യേക സർവീസ് നടത്തിയ കെഎസ്ആർടിസി ബസില്‍ ശനി വൈകിട്ട് ആറിനായിരുന്നു സംഭവം. കായംകുളത്തുനിന്ന് പരീക്ഷ കഴിഞ്ഞ് ഇടപ്പള്ളിക്കോട്ടയിലേക്ക് ടിക്കറ്റെടുത്ത ഉദ്യോഗാർഥിയാണ് പെട്ടെന്ന് ബസിൽ കുഴഞ്ഞുവീണത്. ദേശീയപാതയിൽ വവ്വാക്കാവിനു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. യാത്രക്കാരി കുഴഞ്ഞുവീണത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ പെട്ടെന്ന് ഡ്രൈവറെ വിവരമറിയിക്കുകയും അടുത്തുള്ള കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് വേഗത്തിൽ ബസ് എത്തിക്കുകയുമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹയാത്രക്കാർ ബന്ധുക്കളെ ഉടൻ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തുകയുംചെയ്തു. യാത്രക്കാരിയുടെ സുരക്ഷ ഉറപ്പാക്കിയതിനുശേഷം ബസ് യാത്ര തുടരുകയായിരുന്നു. കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ എ ജി സെബാസ്റ്റ്യനും ഡ്രൈവർ എ ജോണുമാണ് അവസരത്തിനൊത്തുയർന്ന് യാത്രക്കാരിയുടെ ജീവന് രക്ഷകരായത്. Read on deshabhimani.com