മരമുത്തശ്ശിക്കിനി വേണം നമ്മുടെ കാവൽ
കൊല്ലം ഓഖിയിലും പ്രളയത്തിലും വീണില്ല. തീരത്തെ ഇളക്കിമറിച്ച ഓഖിക്കൊടുങ്കാറ്റിനെ ഇളംതെന്നലിനെ എന്നപോലെയാണ് തേവള്ളി സ്‌കൂൾമുറ്റത്തെ മരമുത്തശ്ശി തടഞ്ഞുനിർത്തിയത്. നഗരഹൃദയത്തിനു തണലും കാവലുമായ മരമുത്തശ്ശിക്കിനിവേണ്ടത് നമ്മുടെ സംരക്ഷണം. തേവള്ളി മോഡൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് ‘തണുത്ത പൂന്തണൽവീശി പടർന്നുചൂഴ്‌ന്നു നിൽക്കുന്ന’ വാക ഇനത്തിൽപ്പെട്ടമരം ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് ഇംഗ്ലണ്ടിൽനിന്നു കുടിയേറിയതാണെന്ന് പറയുന്നു. ചില സന്ദർഭങ്ങളിൽ ഇലകൾ മുഴുവനും കൊഴിഞ്ഞ് മൃതപ്രായമായെന്ന് തോന്നിപ്പിക്കുകയും ദിവസങ്ങൾക്കകം തളിർത്ത് പച്ച മലപോലെ തല ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്ന മരം നാടിന്റെ ഋതുഭേദങ്ങൾക്ക് വഴങ്ങാതെ വേറിട്ടുനിൽക്കുന്നത് ഒരനുഭവം തന്നെയാണ്. അറബിക്കടലിൽനിന്നുള്ള കാറ്റാണ് ഇത്രയേറെ ഉയരത്തിലും വിശാലമായ ശാഖകളോടെയും വളരാൻ കാരണമാക്കിയത് എന്ന് പഴമക്കാർ പറയുന്നു. ഇളംവെള്ളയും ചുവപ്പും കലർന്ന ഇതളുകളും അപ്പൂപ്പൻ താടി പോലെ വെളുത്തു നീണ്ട പൂമ്പൊടിയും ചേർന്ന വലിയ പൂക്കൾ വസന്തകാലത്തെ മനോഹരമാക്കുന്നു. ടി എം വർഗീസ്, സി കേശവൻ, കുമ്പളത്ത് ശങ്കുപ്പിള്ള തുടങ്ങിയ പ്രമുഖർ ഈ മരമുത്തശ്ശിയുടെ തണലിൽ സമ്മേളിച്ചിരുന്നു. പി കേശവൻനായരുടെ ‘കൊല്ലത്തിന്റെ ചരിത്രം,' സ്കൂൾ പ്രധാനാധ്യാപകനായിരുന്ന സുജയിയുടെ ‘തണ്ടാനത്ത് മത്തായി മകൻ വർഗ്ഗീസ് വഹ’ എന്നീ പുസ്തകങ്ങളിൽ മരമുത്തശ്ശിയെക്കുറിച്ച് ശ്രദ്ധേയമായ പരാമർശങ്ങളുണ്ട്. മൂന്നുനൂറ്റാണ്ടിന്റെ ചരിത്രംപറയുന്ന മരമുത്തശ്ശിക്ക് ഉചിതമായവിധം സംരക്ഷണമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Read on deshabhimani.com