ആശ്രമം ലിങ്ക് റോഡ് 
പുനർനിർമാണം ദ്രുതഗതിയിൽ

ആശ്രാമം ലിങ്ക് റോഡിന്റെ പുനർനിർമാണ പ്രവൃത്തികൾ നേരിട്ട്‌ വിലയിരുത്തുന്ന എം മുകേഷ് എംഎൽഎ


കൊല്ലം ആശ്രാമം ലിങ്ക് റോഡിന്റെ പുനർനിർമാണ പ്രവൃത്തികൾ നേരിട്ട്‌ വിലയിരുത്തി എം മുകേഷ് എംഎൽഎ. കെഎസ്ആർടിസി ഡിപ്പോ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, നിരവധി വ്യാപാര സ്ഥാപനങ്ങൾ, ബിവറേജസ്‌ കോർപറേഷൻ ഔട്ട്‌ലെറ്റ്‌, കൺസ്യൂമർഫെഡ്‌ വിദേശമദ്യഷോപ്പ്‌, ആശ്രാമം മൈതാനം, അഡ്വഞ്ചർ പാർക്ക്‌, ചിൽഡ്രൻസ്‌ പാർക്ക്‌, ജില്ലാ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക്‌ നിത്യേന നൂറുകണക്കിന്‌ വാഹനങ്ങളാണ്‌ ഇതുവഴി എത്തുന്നത്‌. ഗതാഗത തടസ്സം ഉണ്ടാകാത്തവിധം ഓടകളുടെയും കലുങ്കുകളുടെയും നിർമാണം ആദ്യഘട്ടത്തിൽ നടത്താനായിരുന്നു തീരുമാനം. ഇതുപ്രകാരം നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്‌. കായലിന് സമാന്തരമായുള്ള 570 മീറ്റർ നീളമുള്ള ഓടയുടെ നിർമാണം അടുത്തയാഴ്ച ആരംഭിക്കും.  ഓട നിർമാണം പൂർത്തിയായശേഷം മണിച്ചിത്തോട് അഷ്ടമുടിക്കായലിൽ ചേരുന്ന കൾവേർട്ട് ഉയരംകൂട്ടി പുനർനിർമിക്കുന്ന പ്രവൃത്തിയും തുടങ്ങും. നിലവിലുള്ള റോഡിന്റെ ഉപരിതലം പൊളിച്ചുനീക്കി  ജിയോസെൽ സാങ്കേതികവിദ്യ കൂടി ഉപയോഗിച്ച് ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ റോഡ് നിർമിക്കും. മുനീശ്വരൻ കോവിൽ ജങ്‌ഷനും ഫ്ലൈ ഓവറിലേക്ക് പ്രവേശിക്കുന്ന കെഎസ്ആർടിസി ഡിപ്പോ ജങ്‌ഷനും നവീകരിക്കും. റോഡിന്റെ ഇരുവശങ്ങളിൽ നടപ്പാതയും മീഡിയനിൽ വൈദ്യുതിവിളക്കുകളും സ്ഥാപിക്കും. 10 കോടി രൂപ അടങ്കലിൽ പൊതുമരാമത്ത് നിരത്തുവിഭാഗം മുഖേനയാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.  ബെഗോറ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. നവീകരണം പൂർത്തിയാക്കി ലിങ്ക് റോഡ് ജനുവരിയിൽ ഗതാഗതത്തിന് തുറന്നു കൊടുക്കാനാകും. ലിങ്ക്‌ റോഡ്‌ നിർമാണം പൂർത്തിയാകുന്നതോടെ അഷ്ടമുടിക്കായലിൽ നിർമിച്ച പാലവും തുറന്നുകൊടുക്കുമെന്ന്‌ എം മുകേഷ്‌ പറഞ്ഞു. ഡി സാബു, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ബെഗോറാ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.    Read on deshabhimani.com

Related News