80–ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന‌ു തുടക്കം



കടയ്ക്കൽ എട്ടു ദിനരാത്രങ്ങൾ നീണ്ടുനിന്ന കടയ്ക്കലിന്റെ സ്വതന്ത്രരാജ്യ പ്രഖ്യാപനത്തിന് 80 വയസ്സ്. കൊല്ലവർഷം 1114 കന്നി പത്തിനാ (1938 സെപ്തംബർ 26)ണ് കടയ്ക്കൽ ചന്തയിലെ അന്യായ നികുതിപിരിവിനെതിരായ കർഷകജനതയുടെ ചെറുത്തുനിൽപ്പിന്റെയും പ്രതിഷേധത്തിന്റെയും രൂപത്തിൽ ആരംഭിച്ച‌്  പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വലമായ അധ്യായങ്ങളിലൊന്നായി മാറുകയും ചെയ്ത കടയ്ക്കൽ വിപ്ലവത്തിന്റെ 80–ാം വാർഷികാഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും.   അന്നത്തെ തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ കൊട്ടാരക്കര താലൂക്ക് പരിധിയിലെ ഒരു ഗ്രാമമായിരുന്നു കടയ്ക്കൽ.  മടത്തറ വനമേഖലയോടു ചേർന്ന പ്രദേശമായതിനാൽ ജനങ്ങൾ കാർഷിക വൃത്തിയാണ് ഉപജീവനമാർഗമായി കണ്ടിരുന്നത്. കുമ്മിൾ പകുതിയുടെ ആസ്ഥാനമായ കടയ്ക്കലിൽ തിങ്കളാഴ‌്ചയും വ്യാഴാഴ‌്ചയും പ്രവർത്തിച്ചിരുന്ന ചന്തയിലാണ് പ്രദേശത്തെ കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കെത്തിച്ചിരുന്നതും മറ്റ് അവശ്യസാധനങ്ങൾ വാങ്ങിയിരുന്നതും. സർ സി പിയുടെ തേർവാഴ്ച നടമാടിയിരുന്ന നാളുകളിൽ സി പിയുടെ ഗുണ്ടകളായ കരാറുകാർ ചന്തയിൽ ഏർപ്പെടുത്തിയ അന്യായമായ നികുതി പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം കണ്ടില്ലെന്നു നടിച്ച കരാറുകാർ ഉൽപ്പന്നങ്ങൾക്കുമേൽ നാലും അഞ്ചും ഇരട്ടിത്തുക അധിക ചന്തക്കരം ഏർപ്പെടുത്തുകയായിരുന്നു. അന്യായമായ നികുതി പിരിവിനെതിരെ കർഷകരുടെ പ്രതിഷേധ സ്വരങ്ങൾ ശക്തമായി വന്നതോടെ നിശ്ചിതമായ ഒരു നികുതിവിവരപ്പട്ടിക ചന്തയ്ക്കു മുന്നിൽ സ്ഥാപിക്കണമെന്ന ആവശ്യം കർഷകർ കൂട്ടത്തോടെ മുന്നോട്ടുവച്ചു. അന്യായ പിരിവിന് വിധേയമാകാതെ സാധനങ്ങൾ ചന്തയിലെത്തിച്ച് വിൽക്കാനാകില്ലെന്ന സ്ഥിതി തുടർന്നു.  ആറ്റിങ്ങൽ, കിളിമാനൂർ, പരവൂർ, ചിറയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിൽനിന്നടക്കം കാളവണ്ടിയിലും തലച്ചുമടായും ചന്തയിലെത്തിക്കുന്ന ഉൽപ്പന്നങ്ങൾക്ക് അന്യായകരം നൽകി വിറ്റഴിക്കാൻ കഴിയാതെ കർഷകരുടെ ജീവിതം വഴിമുട്ടിപ്പോകുന്ന നിലയിലായി. എതിർശബ്ദം ഉയർത്തിയവരെ കൊടിയ മർദനങ്ങൾക്ക് വിധേയമാക്കുക മാത്രമല്ല സ്ത്രീകളോട് മോശമായി പെരുമാറുന്ന നിലയും ഗുണ്ടകൾ തുടർന്നു. പൊലീസും ഭരണകൂടവും കരാറുകാരുടെ ആജ്ഞാനുവർത്തികളായി. സംഭവത്തിൽ പ്രതിഷേധിച്ച് കടയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപത്തെ ആൽത്തറയിൽ കർഷകർ പ്രതിഷേധയോഗം ചേർന്നു. സ്റ്റേറ്റ്കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം കടയ്ക്കലിലേക്കും വ്യാപിപ്പിക്കണമെന്നും അന്യായ ചന്തക്കരത്തിനും ഗുണ്ടാവാഴ്ചയ്ക്കുമെതിരെയാകണം സമരമെന്നും യോഗം തീരുമാനമെടുത്തു. ഇതിനിടെ കല്ലറ പാങ്ങോട് സമരമുഖത്ത് ജനങ്ങൾ പൊലീസിനെ പരാജയപ്പെടുത്തിയ വാർത്തകൾ പടർന്നതും ബീഡി വേലു, തോട്ടുംഭാഗം ഉമ്മിണി സദാനന്ദൻ തുടങ്ങിയവർ സമരക്കാരോടൊപ്പം ചേർന്നതും കർഷകർക്ക് ആവേശമായി.  കന്നി 10നു നടക്കുന്ന ചന്തയിൽ നികുതി കൊടുക്കേണ്ടതില്ലെന്നും കരാറുകാരും ഗുണ്ടകളും തല്ലാൻ മുതിർന്നാൽ തിരിച്ചു തല്ലണമെന്നും തീരുമാനമെടുത്തു.  കന്നി 10ന് പുലർച്ചെ തന്നെ ജനം ചന്തയ്ക്കു മുന്നിൽ ഒത്തുകൂടി. കർഷകരല്ലാത്തവരും സമരക്കാർക്കൊപ്പം അണിനിരന്നു. കരാറുകാരും ഗുണ്ടകളും നോക്കിനിൽക്കെ ചന്തയ്ക്കു പുറത്ത‌് പാതയുടെ രണ്ടുവശങ്ങളിലുമായി നടന്ന സമാന്തരചന്തയിൽ വിൽപ്പന പൊടിപൊടിച്ചു. ഇതിനിടെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രകടനം കൂടി അതുവഴി പോയതോടെ പ്രകോപിതരായ കരാറുകാരും ഗുണ്ടകളും ചേർന്ന് സമാന്തര ചന്തയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു.  പൊലീസും അവർക്കൊപ്പം ചേർന്നു.   തിരിച്ചടിച്ച ജനക്കൂട്ടം സ്കൂളുകളും വില്ലേജ് ഓഫീസുമടക്കമുള്ള എല്ലാ ഓഫീസുകളും അടപ്പിച്ചു.  പൊലീസ് ഔട്ട് പോസ്റ്റിനു നേരെ കല്ലേറുണ്ടായി. ജനകീയ പ്രതിഷേധത്തിന് ശക്തിയാർജിച്ചതോടെ പൊലീസും കരാറുകാരും ഗുണ്ടകളും പിൻവാങ്ങി. കന്നി 13ന് ദേവീക്ഷേത്ര മൈതാനത്ത‌്  ‌വീണ്ടും  യോഗം ചേരൻ തീരുമാനിച്ചു.  യോഗം തടയുന്നതിനായി കടയ്ക്കലിലെത്തിയ രണ്ട് പ്ലാറ്റൂൺ പട്ടാളം രാവിലെ ഒമ്പതോടെ ജനങ്ങളെ തല്ലിയോടിക്കാൻ തുടങ്ങി. ഇൻസ്പെക്ടർ അസറിയയുടെ നേതൃത്വത്തിൽ നടന്ന പൊലീസ് അതിക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആളുകൾ ഓടി രക്ഷപ്പെട്ടതോടെ കടയ്ക്കലിൽ പൊലീസ് മാത്രമായി. ഇതിനിടെ ചിതറയിൽനിന്ന‌് ബീഡി വേലുവിന്റെ നേതൃത്വത്തിലുള്ള ജാഥ കടയ്ക്കൽ ദേവീക്ഷേത്രമൈതാനം ലക്ഷ്യംവച്ച് നീങ്ങി. പാങ്ങലുകാട്ട‌് എത്തിയപ്പോൾ ജാഥ നിയമവിരുദ്ധമാണെന്നും പിരിഞ്ഞു പോയില്ലെങ്കിൽ വെടിവയ്ക്കുമെന്നും തഹസിൽദാർ പത്മനാഭ അയ്യർ ഭീഷണി മുഴക്കി. പിരിഞ്ഞുപോകില്ലെന്ന‌് അറിയിച്ച ബീഡി വേലുവിനെ അറസ്റ്റ‌് ചെയ്യാൻ ശ്രമിച്ച ഇൻസ്പെക്ടർ അസറിയയെ പിന്നീട് കടയ്ക്കൽ രാജാവായി പ്രഖ്യാപിച്ച ഫ്രാങ്കോ രാഘവൻപിള്ള അടിച്ചുവീഴ്ത്തി.  ഡഫേദാർ കൃഷ്ണക്കുറുപ്പിന് ചന്തീരാൻ കാളിയമ്പിയുടെ കുത്തേറ്റു. ലാത്തിച്ചാർജ് നടത്തിയെങ്കിലും ജനങ്ങൾ പിന്തിരിയാൻ കൂട്ടാക്കാതെ ചെറുത്തു നിന്നതോടെ പൊലീസ് സ്ഥലം വിട്ടു. ജാഥ കടയ്ക്കലിലേക്കു നീങ്ങി. ഒഴിഞ്ഞുകിടന്ന പൊലീസ് ഔട്ട് പോസ്റ്റ് പ്രക്ഷോഭകർ ആക്രമിച്ചു. തുടർന്ന് ചന്തയ്ക്കുള്ളിൽ ചേർന്ന യോഗം കടയ്ക്കലിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയും ഫ്രാങ്കോ രാഘവൻപിള്ളയെ കടയ്ക്കൽ രാജാവായും സമരനായകരിൽ പ്രധാനിയായ ചന്തീരാൻ കാളിയമ്പിയെമന്ത്രിയായും തീരുമാനിച്ചു.  കന്നി 14ന് പട്ടാളം നിലമേൽ വഴി കാര്യം ജങ‌്ഷനു സമീപമെത്തിയെങ്കിലും കലാപകാരികൾ നാടൻ ബോംബേറു നടത്തി പട്ടാളവണ്ടികളിലൊന്ന് പിടിച്ചെടുത്തു. പട്ടാള മേധാവിയുടെ അഭ്യർഥനയെ തുടർന്ന‌് ‌വാഹനം വിട്ടുകൊടുത്ത സമരക്കാർ പുറത്തുനിന്ന് ആരും എളുപ്പത്തിൽ കടയ്ക്കലിലേക്ക് വരാതിരിക്കാൻ കാര്യത്തെ കലുങ്ക് പൊളിച്ചു കളഞ്ഞശേഷം റോഡിനു കുറുകെ കൂറ്റൻ മരങ്ങൾ വെട്ടിമുറിച്ചിട്ടു.  സി പിയുടെ ദിവാൻ വാഴ്ചയ്ക്കുമേൽ കരിനിഴൽ പടർത്തിയ കടയ്ക്കലിന്റെ സ്വതന്ത്ര രാജ്യവാഴ്ച അവസാനിപ്പിക്കാൻ തന്ത്രങ്ങളുടെ മറപറ്റി കന്നി 19ന് സർവ സന്നാഹങ്ങളുമായി കടയ്ക്കക്കലിലേക്ക് കടന്നു കയറിയ പട്ടാളം അതിന്റെ ഭീകരമുഖം പുറത്തെടുക്കുകയായിരുന്നു.   കലാപകാരികളുടെ വീടുകൾ ചുട്ടെരിച്ചും സ്ത്രീകൾക്കു നേരെ കൊടിയ ആക്രമണം അഴിച്ചുവിട്ടും കൃഷി വ്യാപകമായി നശിപ്പിച്ചും വീടുകളും കടകളും കൊള്ളയടിച്ചും അവരുടെ തേർവാഴ്ച തുടർന്നുകൊണ്ടേയിരുന്നു. കുഞ്ചു ചിതറയെന്ന സമരനേതാവിനെ പിടികൂടി കാലുകൾ അടിച്ചു തകർത്തു. ഉമ്മിണി സദാനന്ദനും മാധവൻ നാരായണനും പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റു മരിച്ചു.  പിടിയിലായ ബീഡി വേലുവിനെ കൊടിയ മർദനങ്ങൾക്ക് വിധേയനാക്കിയശേഷം കൊട്ടാരക്കര വഴി ചെങ്ങന്നൂരിലേക്ക‌് കൊണ്ടുപോയി.  പിന്നീട് ബീഡി വേലുവിനെന്ത് സംഭവിച്ചുവെന്ന് ആർക്കുമറിയില്ല.  എട്ടു ദിനങ്ങളിലെ സഹനത്തിന്റെയും അതിജീവനത്തിന്റെയും സമാനതകളില്ലാത്ത പോരാട്ടത്തിന‌് 80  വയസ്സ‌് പിന്നിടുമ്പോൾ തമസ്കരിക്കാൻ അധികാരകേന്ദ്രങ്ങൾ കഴിയുന്നത്ര പണിയെടുത്തിട്ടും മറവിയിലേക്കു തള്ളിയിടാൻ പറ്റാത്ത ധീരമായ ഓർമകൾക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഉചിതമായ സ്മാരകം തീർത്തും അനന്തര തലമുറയുടെ ഹൃദയങ്ങളിലേക്ക് ഒരു തലമുറയുടെ ദുരിതങ്ങൾ പെയ്തിറങ്ങിയ ജീവിതത്തിന്റെ നാൾവഴികളെ കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ.  സഹായത്തോടെ ചുമർചിത്രങ്ങളായി വിപ്ലവ സ്മാരകത്തിനുള്ളിൽ ആവിഷ്കരിച്ചും പോരാളികളുടെ ഓർമകൾക്കു മുന്നിൽആദരം തീർക്കുകയാണ് കടയ്ക്കൽ ജനത. Read on deshabhimani.com

Related News